നന്മയുടെ ഉപകരണങ്ങളാക്കുക മനുഷ്യൻറെ മൗലിക വിളിയെന്ന് ഫ്രാൻസിസ് പാപ്പാ

തങ്ങളുടെ പാതയിൽ കർത്താവ് എത്തിക്കുന്നവരെ സ്വാഗതം ചെയ്യുകയും ശ്രവിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന കരുതലും തുറവുമുള്ള ഒരു സമൂഹമായിരിക്കുക എന്നത് മനോഹരമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ കത്തോലിക്കരായ മുതിർന്നവരുടെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ എഴുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിന്റെ പ്രതിനിധി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

“ജീവന് കൂടുതൽ ജീവൻ” എന്ന പ്രമേയം അവർ സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ഇറ്റലിയിലെ ലാംബദൂസയിലെ പ്രാഥമിക ശുശ്രൂഷയ്ക്കും ആളുകളെ സ്വീകരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന് ചൂടു തൊട്ടിൽ സംഭാവന ചെയ്യുക, സാംബിയായിൽ മരപ്പണിശാല നിർമ്മിക്കുക, ഇറ്റലിയിലെ റൊമാഞ്ഞ പ്രദേശത്തുള്ള അർജേന്തയിൽ വനം നട്ടുപിടിപ്പിക്കുക എന്നീ പ്രതീകാത്മക പദ്ധതികളിലൂടെ ഈ പ്രമേയത്തിന് മൂർത്തരൂപമേകാൻ അവർ ശ്രമിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

ആദ്യമായി പിറവിയെടുക്കുന്ന ജീവനോടുള്ള സ്നേഹത്തെ വിളിച്ചോതുന്നതാണ് തൊട്ടിലെന്നും അത് ജനിച്ചുവീഴുന്ന കുഞ്ഞിനെ പ്രതിയുള്ള ആനന്ദത്തിൻറെയും ആ കുഞ്ഞ് നല്ലവണ്ണം വളരുന്നതിനായുള്ള പരിശ്രമത്തിൻറെയും ആ കുഞ്ഞ് എന്തായിത്തീരുമോ അതിനായുള്ള കാത്തിരിപ്പിൻറെയും പ്രത്യാശയുടെയും പ്രതീകമാണെന്നും പാപ്പാ വിശദീകരിച്ചു. പരിത്രാണദൗത്യത്തിന് ദൈവപുത്രൻ ഒരുങ്ങിയ ഇടമായ നസ്രത്തിലെ ആശാരിപ്പണിശാലയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ മരപ്പണി ശാല ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു പ്രതീകമാണെന്ന് പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.