ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കിടയിൽ ഉക്രൈനിൽ സമാധാനം നിറയുന്നതിനായി പ്രാർത്ഥിച്ച് മാർപാപ്പ

ഈസ്റ്റർ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, യുദ്ധഭൂമിയായ ഉക്രൈനിൽ സമാധാനം നിറയട്ടെയെന്ന് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലെ ‘ഉർബി എത്ത് ഓർബി’ ആശീർവാദ കർമ്മത്തിനു മുൻപാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുദ്ധമുഖരിതമായ ഉക്രൈനിൽ സമാധാനം നിറയട്ടെ. സഹനത്തിന്റെയും മരണത്തിന്റെയും ഈ നാളുകളിൽ പ്രതീക്ഷയുടെ പുതിയൊരു സൂര്യോദയം ഉണ്ടാകട്ടെ. നമുക്കെല്ലാവർക്കും ഒന്നുചേർന്ന് ഉക്രൈനിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം. ഉക്രൈൻ യുദ്ധത്തിൽ പലായനം ചെയ്‌തവരെയും വേർപിരിക്കപ്പെട്ട കുടുംബങ്ങളെയും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെയും ഞാൻ കണ്ണീരോടെ ഓർക്കുന്നു”- പാപ്പാ പറഞ്ഞു. ഏകദേശം 1,00,000 ആളുകളാണ് വത്തിക്കാനിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ പങ്കാളികളായത്.

യുദ്ധത്തിന്റെയും ദുരിതത്തിന്റെയും ഈ കാലത്തിലും പ്രത്യാശയുടെ അടയാളങ്ങൾ ദൃശ്യമാണ്. അനേകം രാജ്യങ്ങളും കുടുംബങ്ങളുമാണ് അഭയാർത്ഥികളെ സ്വീകരിക്കാനും സഹായിക്കാനും മുൻനിരയിലുള്ളതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.