
പ്രൊഫ. ഉംബർട്ടോ ലോംഗോ, പ്രൊഫ. ഫ്രാൻസെസ്കോ സെസാരെയോ, പ്രൊഫ. അന്നാ ബറാൻസ്ക എന്നിവരെ പൊന്തിഫിക്കൽ കമ്മിറ്റി ഫോർ ഹിസ്റ്റോറിക്കൽ സയൻസസിന്റെ പുതിയ അംഗങ്ങളായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. 1954 ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ കമ്മിറ്റി ഫോർ ഹിസ്റ്റോറിക്കൽ സയൻസസ് സ്ഥാപിച്ചത്.
എഴുപതിലധികം വർഷങ്ങൾക്കു മുൻപ് ആരംഭിച്ച 1883 ഓഗസ്റ്റ് 18 ലെ ‘സെപീന്യുമെറോ കൺസിഡറാൻടെസ്’ (Saepenumero considerantes) എന്ന അപ്പസ്തോലിക് തിരുവെഴുത്തിലൂടെ ലെയോ പതിമൂന്നാമൻ മാർപാപ്പ രൂപീകരിച്ച ‘കാർഡിനൽ കമ്മീഷൻ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസി’ന്റെ പാരമ്പര്യം ഉൾക്കൊണ്ടാണ് ഈ കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. സഭയുടെ ചരിത്രപരമായ രേഖാശേഖരങ്ങളോടുള്ള, പ്രത്യേകിച്ച് വത്തിക്കാൻ ആർക്കൈവുകളോടുള്ള നിരന്തരമായ ശ്രദ്ധയാണ് ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ സവിശേഷത.
പരിശുദ്ധ സിംഹാസനത്തിന്റെ പക്കലുള്ള ആർക്കൈവ് ശേഖരങ്ങളിലേക്ക് ഗവേഷകർക്ക് കൂടുതൽ മെച്ചപ്പെട്ട പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ഇവർ മാർപാപ്പമാർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈശോസഭാ വൈദികനായ ഫാദർ മാരെക് ഇംഗ്ലോട്ട് അധ്യക്ഷനായ ഈ കമ്മിറ്റിയുടെ സെക്രട്ടറി പിയറാന്റോണിയോ പിയാറ്റിയാണ്.




