മറിയത്തിന്റെ സ്തോത്രഗീതം ചരിത്രപരമായ വഴിത്തിരിവ് എന്ന് ഫ്രാൻസിസ് പാപ്പാ

അധികാരം സേവനവും ഭരണം സ്നേഹവുമാകുന്ന കാഴ്ചയാണ് മറിയത്തിന്റെ സ്തോത്രഗീതത്തിൽ കാണുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. തിരുസഭ, പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കുന്നതിനോടനുബന്ധിച്ച്  വത്തിക്കാനിൽ, വി. പത്രോസിന്റെ ചത്വരത്തിൽ പാപ്പാ നയിച്ച ത്രികാല പ്രാർത്ഥനാവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

മറിയം, അന്നുവരെ ഉണ്ടായിരുന്ന മൂല്യങ്ങളിൽ ഒരു സമൂലമാറ്റം പ്രഖ്യാപിക്കുകയാണ്. യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് മറിയം എലിസബത്തിനോടു പറയുന്നത്, തന്റെ പുത്രൻ പിന്നീട് പറയാനിരിക്കുന്ന വാക്കുകളാണ്. ദരിദ്രരും എളിയവരും അനുഗ്രഹീതരാവുന്നു. തങ്ങളുടെ തന്നെ സ്വയംപര്യാപ്തതയിൽ ആശ്രയിക്കുന്ന ധനവാന്മാർ സൂക്ഷിക്കുക. ഒന്നാമതായി എത്തുന്നത് അധികാരമോ, വിജയമോ, സമ്പാദ്യമോ അല്ല മറിച്ച് സേവനവും എളിമയും സ്നേഹവുമാണ്. യഥാർത്ഥത്തിൽ, വരാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കുകയായിരുന്നു മറിയം. മഹിമയിലിരിക്കുന്ന അവളെ നോക്കി നമുക്ക് മനസിലാക്കാം, യഥാർത്ഥ അധികാരം സേവനമാണ് എന്നും ഭരിക്കുക എന്നതിനർത്ഥം സ്നേഹിക്കുക എന്നാണെന്നും ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി – പാപ്പാ വിശദീകരിച്ചു.

നമ്മെ സംബന്ധിച്ചിടത്തോളം, സ്നേഹിക്കുക എന്നാൽ ഭരിക്കുക എന്നാണോ, സേവിക്കുക എന്നതാണോ അധികാരം? നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വർഗ്ഗമാണോ? അതോ ഭൗമികമായവ മാത്രമാണോ നമ്മെ അലട്ടുന്നത്? ലോകകാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ നിരാശയിൽ അകപ്പെട്ടു പോകുന്നുണ്ടോ അതോ കന്യാകാമറിയത്തെപ്പോലെ എളിമയിലും ചെറുമയിലും കൂടി ദൈവം വൻകാര്യങ്ങൾ പൂർത്തീകരിക്കുന്നത് കാണാൻ കഴിയുന്നുണ്ടോ എന്ന് നമ്മോടു തന്നെ ചോദിക്കാൻ ഈ അവസരം വിനയോഗിക്കാം എന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.