സകലത്തെയും നവീകരിക്കുന്ന പരിശുദ്ധാത്മാവിനെ കുറിച്ച് ഫ്രാൻസിസ് പാപ്പാ

പരിശുദ്ധാത്മാവ് ഹൃദയങ്ങളെയും ജീവിതത്തെയും സഭയെയും ലോകത്തെയും നവീകരിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ. ബ്രസീലിയൻ കത്തോലിക്കാ യുവജന മുന്നേറ്റമായ ‘ശാലോം’ സമൂഹത്തിൽനിന്നുള്ള യുവജനങ്ങളുമായി സംവദിക്കവേയാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എല്ലാം നവീകരിക്കും എന്ന് ഓർമിപ്പിച്ചത്.

ജീവിതത്തിൽ യുവത്വത്തിന്റെ ചൈതന്യം നിലനിർത്തുവാൻ പരിശുദ്ധാത്മാവിനോട് ചേർന്നിരിക്കേണ്ടത് ആവശ്യമാണ്. അവിടുന്നാണ് ഹൃദയങ്ങളെയും ജീവിതത്തെയും സഭയെയും ലോകത്തെയും നവീകരിക്കുന്നത്. പ്രാർത്ഥന, വചനം, ആരാധന, ജപമാല എന്നിവയിലൂടെ നാം അവനിൽ നിലനിൽക്കുകയാണെങ്കിൽ, പരിശുദ്ധാത്മാവിന്റെ വരങ്ങൾ ക്രിസ്തുവിൽ നിന്നും നമ്മിലേക്ക്‌ ഒഴുകും. ആ കൃപ സംരക്ഷിക്കുമ്പോൾ നാം യുവത്വം നിറഞ്ഞവരാകും. നമ്മൾ സംസാരിക്കുന്നത് ശാരീരിക യൗവനത്തെക്കുറിച്ചല്ല, മറിച്ച് ചില യുവാക്കളുടെ കണ്ണുകളേക്കാൾ ചില മുതിർന്നവരുടെ കണ്ണുകളിൽ തിളങ്ങുന്ന ആത്മാവിന്റെ യുവത്വത്തെക്കുറിച്ചാണ്. പാപ്പാ വ്യക്തമാക്കി.

ഫലം സ്നേഹമാണ്, അത് ക്രിസ്തുവിന്റെ സ്നേഹമാണ്, നാം എവിടെയായിരുന്നാലും, ഏത് പരിതസ്ഥിതിയിലും മനുഷ്യരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു. ദൈവത്തോട് ചേർന്ന് നിൽക്കുക എന്നത് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട ഒരു ശ്രമമാണ്. ആ പരിശ്രമം നാം നടത്തുകയാണെങ്കിൽ ബാക്കി പരിശുദ്ധാത്മാവ് നോക്കിക്കൊള്ളും. പാപ്പാ യുവാക്കളെ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.