ലെയോ പാപ്പയുടെ സാൻ മരീനോയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പൂർണ്ണ വിവരങ്ങൾ

2026 ഓഗസ്റ്റ് 22-ന് സാൻ മരീനോയിലേക്കും റിമിനിയിലെ ജനങ്ങളുമായുള്ള സൗഹൃദ കൂടിക്കാഴ്ചയ്ക്കുമായി ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയുടെ പൂർണ്ണമായ യാത്രാവിവരങ്ങൾ വത്തിക്കാൻ പ്രസ്സ് പ്രസിദ്ധപ്പെടുത്തി. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് വത്തിക്കാനിൽ നിന്ന് പുറപ്പെടുന്ന ഹെലികോപ്റ്റർ സാൻ മരീനോ റിപ്പബ്ലിക്കിലെ ടൊറാച്ചിയ (Toraccia) എയർഫീൽഡിൽ ഒരു മണിക്കൂറിനു ശേഷം വന്നിറങ്ങും.

സാൻ മരീനോയിലെ ലിബർട്ടി സ്ക്വയറിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഔദ്യോഗിക സൈനിക ബഹുമതി നൽകി സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക്കിലെ ക്യാപ്റ്റൻസ് റീജന്റുകളോടൊപ്പം പാപ്പ പബ്ലിക് പാലസിലേക്ക് പ്രവേശിക്കും. രാവിലെ പത്തുമണിക്ക്, അങ്കണത്തിൽ വച്ച് സാൻ മരീനോയിലെ സ്റ്റേറ്റ് സെക്രട്ടറിമാരെ പരിചയപ്പെടുത്തിയ ശേഷം, കൗൺസിൽ ഓഫ് ദി ട്വെൽവ് ഹാളിലേക്ക് പോകുന്ന മാർപാപ്പ, ക്യാപ്റ്റൻസ് റീജന്റുകളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും വിശിഷ്ടാതിഥികളുടെ ബുക്കിൽ ഒപ്പുവെക്കുകയും ചെയ്യും. തുടർന്ന് ഗ്രാൻഡ് ആൻഡ് ജനറൽ കൗൺസിൽ ഹാളിൽ മറ്റൊരു കൂടിക്കാഴ്ചയിലും പാപ്പാ പങ്കെടുക്കും.

രാവിലെ 11:15-ന് പലാസ്സോ പബ്ലിക്കോയുടെ മധ്യഭാഗത്തെ ബാൽക്കണിയിൽ നിന്ന് സാൻ മരീനോയിലെ പൗരന്മാരെ അഭിസംബോധന ചെയ്ത് അനുഗ്രഹിച്ച ശേഷം മാർപാപ്പ സാൻ മരീനോ ബസിലിക്കയിലേക്ക് പോകും. ഉച്ചയോടടുത്ത് ബസിലിക്കയിലെത്തുന്ന പാപ്പയെ സാൻ മരീനോ-മോണ്ടെഫെൽട്രോ ബിഷപ്പ് ഡൊമെനിക്കോ ബെനെവെന്റിയും ബസിലിക്ക റെക്ടർ മാർക്കോ മസ്സാൻതിയും ചേർന്ന് സ്വീകരിക്കും. പള്ളിക്കുള്ളിൽ വച്ച് പുരോഹിതന്മാർ, സമർപ്പിതർ, രൂപതയിലെ വിവിധ സഭാ പ്രതിനിധികൾ എന്നിവരോടൊപ്പം പരിശുദ്ധ കുർബാനയുടെ ആരാധനയിലും വിശുദ്ധ മരീനോയുടെ തിരുശേഷിപ്പ് വണക്കത്തിലും പാപ്പ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 12:15-ന് ബസിലിക്കയിൽ നിന്ന് പുറത്തിറങ്ങുന്ന മാർപാപ്പ ചത്വരത്തിൽ തടിച്ചുകൂടിയിരിക്കുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് ടൊറാച്ചിയ എയർഫീൽഡിലേക്ക് യാത്രയാകും.

പെന്നാബില്ലിയിലെ അഗസ്റ്റിനിയൻ സന്ന്യാസിനിമാരുടെ സെന്റ് ആന്റണി ഓഫ് പാദുവ ആശ്രമത്തിലെ സന്ന്യാസി സമൂഹവുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും.

സാൻ മരീനോയിൽ നിന്ന് ഇറ്റാലിയൻ നഗരമായ റിമിനിയിലേക്ക് തിരിക്കുന്ന മാർപാപ്പ, ‘റിമിനി മീറ്റിംഗ്’ എന്നറിയപ്പെടുന്ന ജനങ്ങൾ തമ്മിലുള്ള സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കാനായി ഉച്ചകഴിഞ്ഞ് 2:45-ന് അവിടെയെത്തും.

വിശുദ്ധ അഗസ്റ്റിനെക്കുറിച്ചുള്ള ഒരു പ്രദർശനവും, കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രമുഖനായ ഫ്രഞ്ച് വ്യവസായി ലിയോൺ ഹാർമെലിനെക്കുറിച്ചുള്ള മറ്റൊരു പ്രദർശനവും പാപ്പ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3:30-ന് പരിശുദ്ധ പിതാവ് സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ആദ്യ അഭിസംബോധന നൽകും; തുടർന്ന് അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കും.

രണ്ടു മണിക്കൂറിനു ശേഷം റിമിനി കത്തീഡ്രലിൽ വച്ച്, കാരിത്താസ് (Caritas) സംഘടനയുടെ സേവനം ലഭിക്കുന്ന രോഗികൾ, ഭിന്നശേഷിക്കാർ, നിരാലംബരായ മറ്റ് ആളുകൾ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് നഗരത്തിലെ തുറമുഖത്തേക്ക് പോകുന്ന പാപ്പ വൈകുന്നേരം 6:30-ന് ദിവ്യബലി അർപ്പിക്കും.

ഒരു മണിക്കൂർ നീണ്ട വിമാന യാത്രയ്ക്ക് ശേഷം ലെയോ പതിനാലാമൻ മാർപാപ്പ രാത്രി ഒൻപതു മണിക്ക് വത്തിക്കാൻ ഹെലിപാഡിൽ എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.