ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ: സിറിയൻ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കാൻ അമേരിക്കൻ കോൺഗ്രസിൽ പുതിയ ബില്ല്

സിറിയയിൽ മതപരവും വംശീയവുമായി ന്യൂനപക്ഷങ്ങൾക്കുമേൽ നടക്കുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ ശക്തമായ നടപടികളുമായി അമേരിക്കൻ കോൺഗ്രസ്. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളായ സിറിയൻ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പെൻസിൽവാനിയയിൽ നിന്നുള്ള പ്രതിനിധി റയാൻ മക്കെൻസി പുതിയ ബില്ല് അവതരിപ്പിച്ചു.

‘സിറിയൻ റിലീജിയസ് ആൻഡ് എത്തിനിക് മൈനോറിറ്റീസ് പ്രൊട്ടക്ഷൻ ആക്ട്’ (Syrian Religious and Ethnic Minorities Protection Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ല് സഭയുടെ വിദേശകാര്യ സമിതിയുടെയും മറ്റ് ബന്ധപ്പെട്ട സമിതികളുടെയും പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. ബിൽ പാസായാൽ ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിലും പീഡനങ്ങളിലും പങ്കാളികളാണെന്ന് സംശയിക്കുന്ന സിറിയൻ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാം.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ടാർഗറ്റഡ് സാങ്ഷനുകൾ (ഉപരോധങ്ങൾ) ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ബില്ലിൽ ശുപാർശയുണ്ട്. സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാവിലക്കുകൾ, സാമ്പത്തിക നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികൾ ഇതിലൂടെ നടപ്പിലാക്കാൻ സാധിക്കും. സിറിയ അതിന്റെ ഭാവി കെട്ടിപ്പടുക്കുമ്പോൾ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നത് അമേരിക്കയുടെ മുൻഗണനയായി തുടരണമെന്ന് റയാൻ മക്കെൻസി വ്യക്തമാക്കി.

അന്താരാഷ്ട്ര സംഘടനകളുടെയും യു.എസ്. കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഭരണകൂടത്തിലോ സന്നദ്ധ സംഘടനകളിലോ ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാത്തതും സിറിയൻ അധികാരികളുടെ വീഴ്ചയായി ബിൽ ചൂണ്ടിക്കാണിക്കുന്നു. ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ്’, ‘അമേരിക്കൻ സിറിയക് യൂണിയൻ’, ‘അലവി അസോസിയേഷൻ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്’ തുടങ്ങിയ സംഘടനകൾ ഈ ബില്ലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.