
അംഗോളയിലെ സൗറിമോയിലുള്ള വയോജനകേന്ദ്രത്തിലേക്ക് ലെയോ പാപ്പ നടത്തിയ സന്ദർശനം ആ രാജ്യത്തെ ജനതയ്ക്ക് വലിയൊരു പാഠമാണെന്ന് കേന്ദ്രം ഡയറക്ടർ ജോർജിന മ്വാണ്ടംബ. അതേസമയം, മാർപാപ്പയുടെ ഈ സന്ദർശനം കുടുംബങ്ങളാൽ ഉപേക്ഷിക്കപ്പെട്ട 74 വയോധികരുടെ ജീവിതത്തിൽ വലിയ സന്തോഷമാണ് പകർന്നത്. ദുർമന്ത്രവാദം ആരോപിച്ചും സാമ്പത്തികബാധ്യത ഒഴിവാക്കാനുമാണ് പല കുടുംബങ്ങളും തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും ഇവിടെ ഉപേക്ഷിക്കുന്നത്. പൊലീസിന്റെ സഹായത്തോടെയാണ് പലരും ഇവിടെ എത്തുന്നത്.
പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് കേന്ദ്രത്തിൽ വൈദ്യുതിയും പൈപ്പ് വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൃഷിയിലൂടെയും സർക്കാർ സഹായത്തിലൂടെയുമാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
“വാർധക്യം എന്നത് ഒരു അനുഗ്രഹമാണ്. മുത്തശ്ശീമുത്തശ്ശന്മാർക്കൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷകരമായ കാര്യമാണ്” എന്ന് ജോർജിന ഓർമ്മിപ്പിക്കുന്നു. കുടുംബങ്ങളിൽ നിന്നാണ് സമാധാനം തുടങ്ങേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. സഭയും സർക്കാരും സംയുക്തമായാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നത്. പാപ്പയുടെ സന്ദർശനം വയോധികരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.




