
റോമിനു തെക്കുഭാഗത്തുള്ള ഡയോസിസ് ഓഫ് പലേസ്ട്രിനയിലെ ‘ഔർ ലേഡി ഓഫ് ഗ്രേസ്’ മരിയൻ തീർഥാടനകേന്ദ്രം സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഓഗസ്റ്റ് 19 നായിരുന്നു മാർപാപ്പയുടെ സ്വകാര്യ സന്ദർശനം നടന്നത്. തദവസരത്തിൽ വിശുദ്ധസ്ഥലം പരിപാലിക്കുന്ന പോളിഷ് സന്യാസികളുമായി പാപ്പ കൂടിക്കാഴ്ച നടത്തി.
റോമിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ തെക്കുകിഴക്കായി ഒരു മലയുടെ മുകളിലാണ് ഈ തീർഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഈ തീർഥാടനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. കൂടാതെ, ഇന്നസെന്റ് പതിമൂന്നാമൻ മാർപാപ്പ തന്റെ ഹൃദയം ഇവിടെ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രണ്ടാം നൂറ്റാണ്ടിൽ വി. യൂസ്റ്റാക്കിയസ് മാനസാന്തരപ്പെട്ട സ്ഥലമാണ് ഇതെന്ന വിശ്വാസമുണ്ട്. പിന്നീട് നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ഇവിടെ ഒരു ബസിലിക്ക നിർമ്മിക്കുകയും വി. സിൽവസ്റ്റർ ഒന്നാമൻ മാർപാപ്പ അത് ആശീർവദിക്കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട, പരിശുദ്ധ കന്യകാമറിയത്തിന്റെ മരത്തിൽ കൊത്തിയ രൂപം ഇപ്പോഴും ഈ ദൈവാലയത്തിലുണ്ട്.




