
നൈജീരിയയിലെ വനപ്രദേശങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി മനുഷ്യ തലയോടുകളും അസ്ഥികളും കണ്ടെടുത്തു. അബിയയിലെ (Abia State) ഉമുവാകു, നെറ്റോ വനങ്ങളിൽ നിന്നാണ് തട്ടിക്കൊണ്ടുപോകൽ കേസുകളിലെ ഇരകളെന്ന് സംശയിക്കുന്ന 28 പേരുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമുന്നെയോച്ചി (Umunneochi) മേഖലയിലെ വനങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ക്രിമിനൽ താവളങ്ങൾ കണ്ടെത്തിയത്. പൊലീസ് എത്തിയതോടെ കുറ്റവാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 28 മനുഷ്യരുടെ തലയോടുകളും അസ്ഥികളും കണ്ടെടുത്തത്.
നൈജീരിയയിലെ വിദൂര വനങ്ങളിൽ സജീവമായ തട്ടിക്കൊണ്ടുപോകൽ സംഘങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവത്തോടെ വീണ്ടും ശക്തമായി. ഇതിനുപുറമെ, നൈജീരിയയുടെ വടക്കൻ പ്രദേശങ്ങളിലെ രണ്ട് സംസ്ഥാനങ്ങളിലായി വാരാന്ത്യത്തിൽ 80-ലധികം ആളുകളെ (കൂടുതലും സ്ത്രീകൾ) അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കൊലചെയ്യപ്പെട്ടവരെ തിരിച്ചറിയുന്നതിനും ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. വടക്കൻ നൈജീരിയയിൽ മോചനദ്രവ്യത്തിനുവേണ്ടിയുള്ള നരവേട്ടകളും തട്ടിക്കൊണ്ടുപോകലുകളും ക്രമാതീതമായി വർധിച്ചുവരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.




