ലെയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു

ലെയോ പതിനാലാമൻ മാർപാപ്പ അപ്പസ്തോലിക സന്ദർശനത്തിനായി ആഫ്രിക്കയിലേക്ക് തിരിച്ചു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുന്നത്. 2026 ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ഈ പര്യടനം മാർപാപ്പ ആയതിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്ര
കൂടിയാണ്.

യാത്രയുടെ ആദ്യ സ്റ്റോപ്പ് അൾജീരിയയാണ്. ഏപ്രിൽ 15 വരെ പരിശുദ്ധ പിതാവ്
അവിടെ തുടരും. മുസ്ലീം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വി. അഗസ്റ്റിന്റെ ജന്മനാട് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന പ്രത്യേകതയും ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഇതിലൂടെ ലഭിക്കുന്നു. അതേസമയം, തന്നെത്തന്നെ, ‘വിശുദ്ധ അഗസ്റ്റിന്റെ മകൻ’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള മാർപാപ്പയ്ക്ക് ഈ സന്ദർശനം വൈകാരികമായി ഏറെ പ്രാധാന്യമുള്ളതാണ്.

അൾജീരിയയ്ക്കു ശേഷം ഏപ്രിൽ 15 മുതൽ 18 വരെ മാർപാപ്പ കാമറൂണിൽ സന്ദർശനം നടത്തും. തലസ്ഥാനമായ യൗണ്ടെയ്ക്കു പുറമെ സാമ്പത്തിക കേന്ദ്രമായ ഡൗവാലയും സംഘർഷഭരിതമായ ബമെൻഡയും പാപ്പ സന്ദർശിക്കുന്നുണ്ട്. ഇതിനു മുൻപ് വി. ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമൻ പാപ്പയുമാണ് കാമറൂൺ സന്ദർശിച്ചിട്ടുള്ള മാർപാപ്പമാർ. തുടർന്ന് ഏപ്രിൽ 18 മുതൽ 21 വരെ പാപ്പ അംഗോളയിലുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസികളുമായി പാപ്പ സംവദിക്കും.

യാത്രയുടെ അവസാനഘട്ടത്തിൽ ഏപ്രിൽ 21 മുതൽ 23 വരെ മാർപാപ്പ ഇക്വറ്റോറിയൽ ഗിനിയ സന്ദർശിക്കും. രാജ്യത്തെ സുവിശേഷവൽക്കരണത്തിന്റെ 170-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. റോമിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുൻപായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് മാർപാപ്പ ആശംസകൾ നേർന്നു. വിവിധ സംസ്കാരങ്ങളും ചരിത്രവുമുള്ള ആഫ്രിക്കൻ ജനതയെ വിശ്വാസത്തിൽ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലെയോ പതിനാലാമൻ തന്റെ അപ്പസ്തോലിക യാത്ര തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.