
ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി അനുശോചനവും പ്രാർഥനയുമറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 24 ന് ടെലിഗ്രാമിൽ പാപ്പ ശബ്‌ദസന്ദേശവും പങ്കുവയ്ച്ചു.
“സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കുനേരെയുള്ള ആക്രമണത്തിലുണ്ടായ ജീവഹാനിയും നാശവും അറിഞ്ഞതിൽ താൻ അതീവദുഃഖിതനാണ്. ദുരന്തത്തിൽ ഇരകളായ എല്ലാവരോടും പൂർണ്ണഹൃദയത്തോടെയുള്ള സാമീപ്യം അറിയിക്കുന്നു” – പാപ്പ സന്ദേശത്തിൽ കുറിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ പാപ്പ അനുസ്മരിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർക്കുവേണ്ടിയും പരിക്കേറ്റവരുടെ വീണ്ടെടുപ്പിനുവേണ്ടിയും പാപ്പ പ്രാർഥിക്കുകയും ചെയ്തു.




