സുഡാനിൽ ലൈംഗിക അതിക്രമങ്ങൾ ‘യുദ്ധായുധം’ ആകുന്നുവെന്ന് യു.എൻ റിപ്പോർട്ട്

സുഡാനിൽ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്താൻ ലൈംഗിക അതിക്രമങ്ങൾ വൻതോതിൽ “യുദ്ധായുധമായി” ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതിനേക്കാൾ ഭീകരമായ തോതിലും ക്രൂരതയിലുമാണ് ഇപ്പോൾ അവിടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമങ്ങൾ അരങ്ങേറുന്നതെന്ന് യു.എൻ. മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കുന്നു.

സുഡാൻ സൈന്യവും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിൽ മൂന്ന് വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ കൂട്ടബലാത്സംഗങ്ങളും ലൈംഗിക അടിമത്തവും ഉൾപ്പെടെ 546 ലൈംഗിക അതിക്രമ സംഭവങ്ങൾ യു.എൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 539 സ്ത്രീകളും 284 പെൺകുട്ടികളും എട്ട് പുരുഷന്മാരും ഏഴ് ആൺകുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 838 പേർ ഇരകളായി. എന്നാൽ, സുരക്ഷാഭീതി കാരണം പലരും വിവരങ്ങൾ പുറത്തുപറയാത്തതിനാൽ യഥാർഥ കണക്കുകൾ ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നും, ഇപ്പോൾ പുറത്തുവന്നത് “മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും” റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരീകരിക്കപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ആർ.എസ്.എഫും അവരുടെ സഖ്യകക്ഷികളുമാണ് നടത്തിയത്. എന്നാൽ സുഡാൻ ഔദ്യോഗിക സൈന്യത്തിന് നേരെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് ഗുരുതരമായ ഒരു യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരായ കടന്നാക്രമണമാണെന്നും യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.