സൗഹാർദം വെറുമൊരു സങ്കൽപ്പമല്ലെന്ന് കർദിനാൾ ജോർജ് കൂവക്കാട്

ലോകത്ത് യുദ്ധങ്ങളും വിവേചനങ്ങളും വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പരസ്പര സൗഹാർദം വെറുമൊരു സങ്കൽപ്പമല്ല, മറിച്ച് യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് ഓർമ്മിപ്പിച്ച് കർദിനാൾ ജോർജ് കൂവക്കാട്. ​റോമിലെ അഞ്ചെലിക്കം യൂണിവേഴ്സിറ്റിയിൽ ബുദ്ധ, ക്രിസ്ത്യൻ, ഹിന്ദു, ജൈന, സിഖ് മതവിശ്വാസികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കർദിനാൾ ജോർജ് കൂവക്കാട് മുഖ്യപ്രസംഗം നടത്തിയത്.

​വിവിധ മതവിശ്വാസികൾ തമ്മിൽ ഭിന്നതകൾ മറന്ന് സംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും ബന്ധങ്ങൾ ശക്തമാക്കണമെന്നും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ പരസ്പരവളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റണമെന്നും മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ചരിത്രപരമായി വിവിധ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊണ്ട പാരമ്പര്യമാണ് യൂറോപ്പിനുള്ളത്. ഈ വൈവിധ്യത്തെ ഒരു ഭീഷണിയായല്ല, മറിച്ച് സമൂഹത്തിന്റെ നന്മയ്ക്കുള്ള വലിയൊരു സമ്പന്നതയായി കാണണം. സ്വന്തം മതത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ മറ്റുള്ളവരെ ബഹുമാനിക്കാനും മാനവികതയ്ക്കും ലോകസമാധാനത്തിനുമായി ഒന്നിച്ച് പ്രവർത്തിക്കാനും എല്ലാ മതവിഭാഗങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.