പോയത് മാലാഖയെപ്പോലെ, ശേഷിക്കുന്നത് ആ സ്നേഹശബ്ദം; വേർപാടിന്റെ വേദനയിലും പ്രത്യാശയോടെ ഒരു കുടുംബം

കഴിഞ്ഞ മാതൃദിനത്തിൽ, അലബാമയിലെ ഒരു സെമിത്തേരിയിൽ തന്റെ പ്രിയപ്പെട്ടവളുടെ കല്ലറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ മൈക്ക് റൊമാനോ എന്ന അച്ഛന്റെ മനസ്സ് വിങ്ങുകയായിരുന്നു. എന്നാൽ പെട്ടെന്ന് ആ കണ്ണീർപ്പാടങ്ങൾക്കിടയിൽ അടുത്ത് നിന്നിരുന്ന തന്റെ രണ്ട് ആൺമക്കൾ അവരുടെ കുഞ്ഞനുജത്തിയുമായി കളിക്കുന്നതും സന്തോഷം പങ്കിടുന്നതും കണ്ടപ്പോൾ റൊമാനോ “ഇവിടെയെങ്കിലും ഇത്തിരി ഗൗരവം കാണിക്ക് മക്കളേ…” എന്ന് ​പറഞ്ഞു. പക്ഷെ അതിനു മറുപടിയായി അദ്ദേഹത്തിന്റെ മൂത്തമകൻ ഡോണി പറഞ്ഞ വാചകം റൊമാനോയുടെ നെഞ്ചിലാണ് തറച്ചത്: “ഡാഡി, നമ്മൾ ഇവിടെ വരുമ്പോഴൊക്കെ ഇത്ര സങ്കടപ്പെടേണ്ട കാര്യമേയില്ല. അമ്മ നമ്മൾ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാൻ ഇഷ്ടപ്പെടില്ല. കാരണം അമ്മയിപ്പോൾ സ്വർഗത്തിൽ വലിയ സന്തോഷത്തിലാണ്!”

കാൻസർ രോഗത്താൽ പ്രിയ പത്നിയെ കൈവിട്ടുപോയ ഒരു ഭർത്താവിന്റെ അതിജീവനത്തിന്റെ ഏറെ ഹൃദയസ്പർശിയായ ജീവിതത്തിലേക്ക്…

കാൻസറിനോട് തോൽക്കാൻ വിസമ്മതിച്ച മാലാഖ

ഒരു ഓൺലൈൻ മാട്രിമോണി വഴി കണ്ടുമുട്ടി 18 വർഷം ഒന്നിച്ചു ജീവിച്ചവരാണ് മൈക്കും ജെന്നും. “ആദ്യമായി ഫോൺ ചെയ്തപ്പോൾത്തന്നെ എനിക്ക് തോന്നി, അവളെ എനിക്ക് പണ്ടേ അറിയാമെന്ന്. നേരിട്ട് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു, ഒരു മാലാഖയുടെ മുന്നിലാണ് ഞാൻ നിൽക്കുന്നത്. എന്റെ ജീവിതത്തിലേക്ക് അവൾ വന്നതും ഒരു മാലാഖയെപ്പോലെയാണ്, ഈ ലോകം വിട്ടുപോയതും അങ്ങനെത്തന്നെ,” മൈക്ക് ഓർക്കുന്നു.

കാൻസർ തലച്ചോറിനെപ്പോലും ബാധിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി—പരമാവധി രണ്ട് മുതൽ നാല് മാസം വരെ മാത്രം ആയുസ്സ്. പക്ഷേ ജെൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൾ രോഗത്തെക്കാൾ ഏറെ തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു. ആ കഠിനമായ നാളുകളിലാണ് അവർ കുടുംബമായി ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തുടങ്ങിയത്. ജെന്നിന്റെ വേർപാടിന് ശേഷവും മൈക്കിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട്: “മക്കളോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതാണ് ഇപ്പോൾ എന്റെ ആഴ്ചയിലെ ഏറ്റവും സന്തോഷമുള്ള നിമിഷം.”

സ്കൂൾ വിട്ടിറങ്ങുമ്പോൾ കാറിൽ കേൾക്കുന്ന ‘അമ്മയുടെ ശബ്ദം’

ഒരു റേഡിയോ പ്രൊഡ്യൂസർ ആയതുകൊണ്ട് തന്നെ ശബ്ദരേഖകളുടെ മൂല്യം മൈക്കിന് നന്നായി അറിയാം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയും ഒരു ഓഡിയോ റെക്കോർഡിംഗ് ആണ്. പതിനൊന്ന് വർഷം മുൻപ്, ജെന്നും മൈക്കും ചേർന്ന് ഒരു കരുണക്കൊന്ത (Divine Mercy Chaplet) റെക്കോർഡ് ചെയ്തിരുന്നു. മൈക്ക് ജോലി ചെയ്യുന്ന ‘ആർക്കേഞ്ചൽ റേഡിയോ’യിൽ ഇന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രാർഥന പ്രക്ഷേപണം ചെയ്യാറുണ്ട്.

“എല്ലാ ദിവസവും ഉച്ചയ്ക്ക് ഞാൻ കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടാൻ കാറുമായി ചെല്ലുമ്പോൾ ഞങ്ങൾ ആ റേഡിയോ ഓൺ ചെയ്യും. അപ്പോൾ ഞങ്ങൾക്കൊപ്പം പ്രാർഥിച്ചുകൊണ്ട് കാറിനുള്ളിൽ അവളുടെ ശബ്ദം മുഴങ്ങും. മക്കൾക്കും എനിക്കും ഈ ലോകത്ത് ഇതിലും വലിയൊരു ആശ്വാസം വേറെ കിട്ടാനില്ല. അവൾ ഇപ്പോഴും ഞങ്ങളുടെ കൂടെത്തന്നെയുണ്ടെന്ന് ആ ശബ്ദം ഞങ്ങളെ ഓർമ്മിപ്പിക്കും.” അദ്ദേഹം പറയുന്നു.

അമ്മയുടെ കൈപ്പുണ്യം തേടുന്ന അടുക്കള

പണ്ട് സ്റ്റാൻഡ്-അപ്പ് കോമഡി ചെയ്തിരുന്ന മൈക്ക്, ഇന്ന് മക്കൾക്കായി അടുക്കളയിൽ ഒരു ‘പാചക പരീക്ഷണത്തിലാണ്’. ജെൻ മികച്ചൊരു പാചകക്കാരിയായിരുന്നു. അതുകൊണ്ടുതന്നെ അപ്പന്റെ പാചകം അമ്മയുടെ അത്ര പോരെന്നാണ് മക്കളുടെ പരാതി. എങ്കിലും അമ്മ ഉണ്ടാക്കാറുള്ള ചില പ്രത്യേക വിഭവങ്ങൾ അതുപോലെ ഉണ്ടാക്കി മക്കളുടെ വയറും മനസ്സും നിറയ്ക്കാറുണ്ട് ഈ അപ്പൻ.

നഷ്ടങ്ങളുടെ വലിയ വേദനകൾക്കിടയിലും പരസ്പരം താങ്ങായി, ചിരിച്ചും പ്രാർഥിച്ചും മുന്നോട്ട് പോകുന്ന റൊമാനോ കുടുംബം ഒരു വലിയ പാഠമാണ്—സ്നേഹിച്ചവർ ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോയാലും, അവർ പകർന്നുതന്ന വിശ്വാസവും ഓർമ്മകളും നമ്മെ എന്നും ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുമെന്ന് ഈ കുടുംബം തെളിയിക്കുന്നു. അമ്മ സ്വർഗത്തിലിരുന്ന് തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന ഉറപ്പിലാണ് ഈ കുഞ്ഞുങ്ങൾ ഇന്ന് വളരുന്നത്. മരണം കൊണ്ടുപോയെങ്കിലും മരണത്തിനും മായ്ക്കാനാവാത്ത ശബ്ദമായി ജെൻ ഇപ്പോഴും ഈ കുടുംബത്തിനൊപ്പമുണ്ട്. ഈ അമ്മയുടെ ശബ്ദത്തിനായി എല്ലാ ദിവസവും കാതോർക്കുന്ന മക്കളും ഭർത്താവും ഇന്നത്തെ ലോകത്തിന് വലിയൊരു മാതൃകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.