
സ്ലോവേനിയൻ റിപ്പബ്ലിക് പ്രസിഡന്റ് നടാഷ പിർക് മുസാറുമായി ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 26 ന് രാവിലെയാണ് സ്ലോവേനിയൻ റിപ്പബ്ലിക് പ്രസിഡന്റിനെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്.
തുടർന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറിയും അന്താരാഷ്ട്ര സംഘടനാബന്ധങ്ങളുടെ ചുമതലക്കാരനുമായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ എന്നിവരുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടന്ന ഊഷ്മളമായ ചർച്ചകളിൽ, സ്ലോവേനിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധത്തെ ഇരുവിഭാഗവും പ്രശംസിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൂടാതെ, സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പൊതുവായ വിഷയങ്ങളിലും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവസാനമായി, വെസ്റ്റേൺ ബാൽക്കൺ മേഖലയിലെ സാഹചര്യങ്ങൾ, ഉക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായതായി വാർത്താക്കുറിപ്പിൽ പറയുന്നു.




