കേൾവിശക്തിയില്ലാത്തവർക്കായുള്ള ശുശ്രൂഷകൾ ശക്തിപ്പെടുത്താൻ ഏഷ്യൻ കത്തോലിക്കാ കൗൺസിൽ രൂപീകരിച്ചു

ഏഷ്യയിലെ കത്തോലിക്കാ സഭയിൽ കേൾവിശക്തിയില്ലാത്തവരുടെ ഉന്നമനത്തിനും അവർക്കായുള്ള അപ്പസ്തോലിക ശുശ്രൂഷകൾ കൂടുതൽ ശക്തമാക്കുന്നതിനുമായി പുതിയ ഏഷ്യൻ ഫോറം നിലവിൽ വന്നു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ നടന്ന നാലാമത് ഏഷ്യൻ കത്തോലിക്കാ ബധിര കോൺഗ്രസിനിടയിലാണ് ‘ഏഷ്യൻ കത്തോലിക്കാ ബധിര കൗൺസിൽ’ (Asian Catholic Deaf Council) ഔദ്യോഗികമായി രൂപീകരിച്ചത്.

ഒക്ടോബർ 15 മുതൽ 21 വരെ സിയോൾ അതിരൂപതയുടെയും സിയോൾ കത്തോലിക്കാ ബധിര മിഷന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. ഇന്ത്യ, ഈസ്റ്റ് തിമോർ, മംഗോളിയ തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വൈദികർ, സന്ന്യാസിമാർ, അൽമായർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ എന്നിവരുൾപ്പെടെ 230-ലധികം പ്രതിനിധികൾ പങ്കെടുത്തു. ആദ്യമായിട്ടാണ് ഈസ്റ്റ് തിമോറും മംഗോളിയയും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ബധിരരായ വിശ്വാസികൾക്കായുള്ള ശുശ്രൂഷാ അനുഭവങ്ങൾ, ആംഗ്യഭാഷാ വേദപാഠങ്ങൾ, ആരാധനക്രമങ്ങൾ, മറ്റ് വിഭവങ്ങൾ എന്നിവ പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഈ കൗൺസിൽ പ്രവർത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. 2023-ൽ ജക്കാർത്തയിൽ നടന്ന മൂന്നാമത് കോൺഗ്രസിൽ ഫിലിപ്പീൻസിലെ കാത്തലിക് അസോസിയേഷൻ ഓഫ് ദി ഡെഫ് മുന്നോട്ടുവച്ച നിർദേശത്തെ തുടർന്നാണ് പുതിയ കൗൺസിൽ രൂപീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.