
നീതിയുക്തമല്ലാത്തതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ സാമ്പത്തിക വളർച്ചാ രീതികൾ ലോക സമാധാനത്തിന് ഉയർത്തുന്ന കനത്ത ഭീഷണിയെ ചൂണ്ടിക്കാട്ടി ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ പൊതുകൂടികാഴ്ച്ചയിൽ നൽകിയ സന്ദേശത്തിൽ ആണ് പാപ്പ സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലെ അസമത്വങ്ങളെ കുറിച്ച് സംസാരിച്ചത്.
“ക്രൈസ്തവ വിശ്വാസത്തിനും സഭയുടെ സാമൂഹിക പ്രബോധനത്തിനും അനുസൃതമായി സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിൽ ഇടപെടുന്നത് സമാധാനം കെട്ടിപ്പടുക്കാനുള്ള വഴിയാണ്. ജനങ്ങളുടെയും അനീതി അനുഭവിക്കുന്നവരുടെയും മുറിവുകൾ ഉണക്കുന്ന രാഷ്ട്രീയം മാനവരാശിക്ക് ഭാവിയിലേക്കുള്ള പ്രത്യാശയാണ് സമ്മാനിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചതുപോലെ, യുദ്ധം എന്നത് രാഷ്ട്രീയത്തിന്റെയും മാനവരാശിയുടെയും പരാജയമാണ്. ലജ്ജാകരമായ കീഴടങ്ങലും, തിന്മയുടെ ശക്തികൾക്ക് മുന്നിലുള്ള ദയനീയമായ തോൽവിയുമാണത്.”- ലെയോ പാപ്പ വ്യക്തമാക്കി.
ഏറ്റവും ദുർബലരായ സാമൂഹിക വിഭാഗങ്ങൾക്കും കുടിയേറ്റക്കാർക്കും എതിരെയുള്ള വിവേചനം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധരാകാനുള്ള ആഹ്വാനങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രാധാന്യം ഏറെയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ എല്ലാവർക്കും തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ നൽകുക എന്നതാണ് യഥാർഥ വെല്ലുവിളി എന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സമൂഹം നിലകൊള്ളുന്നത് പൊതുനന്മയ്ക്കായി മാത്രമാണ് എന്ന് ആവർത്തിച്ചു പറഞ്ഞ പാപ്പ അതിനാൽ തന്നെ പ്രാദേശികവും ചരിത്രപരവുമായ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്യപ്പെടുകയും പ്രവർത്തിക്കുകയും വേണം എന്നും കൂട്ടിച്ചേർത്തു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ഗൗഡിയം എത്ത് സ്പെസ്’ (Gaudium et Spes) പ്രമാണരേഖയെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തിലാണ് സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലെ അസമത്വങ്ങളെ മാർപാപ്പ വിമർശിച്ചത്.
കേവലം സാങ്കേതിക പരിഹാരങ്ങൾ കൊണ്ടു മാത്രം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനാകില്ലെന്നും, സമൂഹം വലിയ രീതിയിലുള്ള മാനസിക മാറ്റത്തിനും നയപരമായ പരിഷ്കാരങ്ങൾക്കും തയ്യാറാകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.




