
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറിനിന്ന് ദൈവം സംസാരിക്കുന്ന ‘സൃഷ്ടിയുടെ മനോഹര ശബ്ദത്തിന്’ കാതോർക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സെപ്റ്റംബർ ഒന്നിന് ആചരിച്ച ആഗോള സൃഷ്ടി സംരക്ഷണ പ്രാർഥനാ ദിനത്തോട് അനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
മനുഷ്യന്റെ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങളെ കുറച്ചുകൊണ്ട് പ്രകൃതിയുടെ സമഗ്രമായ താളം അനുഭവിക്കാൻ സമയം കണ്ടെത്തണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. പ്രകൃതിയെക്കുറിച്ചുള്ള ധ്യാനവും അതിന്റെ ദൈവീകതയും തിരിച്ചറിയുന്നത് യഥാർഥ പരിസ്ഥിതിപരമായ മാനസാന്തരത്തിലേക്കും ഭൂമിയോടുള്ള ഉത്തരവാദിത്തബോധത്തിലേക്കും മനുഷ്യനെ നയിക്കും. ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇനിയും വൈകിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, പ്രകൃതി സംരക്ഷണത്തിനായി വ്യക്തിപരവും കൂട്ടായതുമായ പ്രതിജ്ഞാബദ്ധത പുതുക്കാനും ആഹ്വാനം ചെയ്തു.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ‘സൗഹാർദ്ദ കാഴ്ചപ്പാട്’ അനുസ്മരിച്ചുകൊണ്ട്, സൃഷ്ടിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ ക്രിസ്തുവിശ്വാസിയുടെയും കടമയാണെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു. കാസ്റ്റൽ ഗാൻഡോൾഫോയിലെ (Castel Gandolfo) പൊന്തിഫിക്കൽ ഉദ്യാനത്തിലെ ‘ബോർഗോ ലൗദാത്തോ സി’ സമുച്ചയത്തിലുള്ള മഡോണിന ഗാർഡനിൽ വച്ച് നടന്ന വിശുദ്ധ കുർബാനയോടെയാണ് സൃഷ്ടിയുടെ കാലഘട്ടത്തിനു തുടക്കം കുറിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിനമായ ഒക്ടോബർ നാല് വരെയാണ് സൃഷ്ടിയുടെ കാലഘട്ടമായി ആചരിക്കുന്നത്.




