സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന സംരംഭങ്ങൾക്ക് പുരസ്കാരം നൽകാൻ ‘പോപ്പ് ഫ്രാൻസിസ് അവാർഡ്’

സമൂഹത്തിൽ നന്മയും സമാധാനവും വളർത്തുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാവുകയും ചെയ്യുന്ന മാതൃകാപരമായ സംരംഭങ്ങളെ ആദരിക്കുന്നതിനായി ‘പോപ്പ് ഫ്രാൻസിസ് അവാർഡ്’ പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക ചിന്തകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ അന്താരാഷ്ട്ര പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കാരിത്താസ് അർജന്റീന (Cáritas Argentina), ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷൻ, അർജന്റീനിയൻ കാത്തലിക് ആക്ഷൻ, എപ്പിസ്കോപ്പൽ കമ്മീഷൻ ഫോർ സോഷ്യൽ പാസ്റ്ററൽ എന്നിവർ സംയുക്തമായാണ് ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്. “ആരും ഒറ്റയ്ക്ക് രക്ഷപെടുന്നില്ല” എന്ന മാർപാപ്പയുടെ ആശയത്തെ ആസ്പദമാക്കി, ദൈനംദിന ജീവിതത്തിലെ ക്രിയാത്മക സേവനങ്ങളിലൂടെ സമാധാനം കെട്ടിപ്പടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ അവാർഡിന്റെ ലക്ഷ്യം.

സമൂഹത്തിന്റെ വിവിധ തുറകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുന്ന വ്യക്തികൾക്കും സംഘടനകൾക്കും സംരംഭങ്ങൾക്കുമായി എട്ട് മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്. ഏറ്റവും കൂടുതൽ സഹായം അർഹിക്കുന്നവർക്കുള്ള സമഗ്രമായ പരിചരണവും പിന്തുണയും നൽകുന്നവർ, ആതിഥ്യമര്യാദയും സാമൂഹിക കൂട്ടായ്മയും ഉറപ്പാക്കുന്നവർ, സേവനത്തിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കൽ, പൊതുനന്മയ്ക്കായി ചെറുപ്പക്കാരുടെ സജീവ പങ്കാളിത്തം, ജീവന്റെ സംരക്ഷണത്തിനായി വനിതകൾ നൽകുന്ന നേതൃത്വം, പരിസ്ഥിതി സംരക്ഷണം, കലകളിലൂടെയുള്ള സമാധാന പ്രോത്സാഹനം, ഉൽപ്പാദന മേഖലയെയും സമൂഹത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിസിനസ് സംരംഭങ്ങൾ തുടങ്ങിയ എട്ടു മേഖലകളിൽ നിന്നുള്ളവർക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

2026 ഒക്ടോബർ 30 വരെ അർഹരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ premiopapafrancisco.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദിനമായ 2026 ഡിസംബർ 17-ന് അർജന്റീനയിലെ ലാ പ്ലാറ്റയിലുള്ള തിയാട്രോ അർജന്റീനോയിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.