
1941 സെപ്റ്റംബർ 29 നാണ് ബേബി യാർ കൂട്ടക്കൊല നടന്നത്. യുക്രൈന്റെ തലസ്ഥാനമായ കീവിലായിരുന്നു ദാരുണമായ ഈ സംഭവം. ജർമ്മനിയുടെ നേതൃത്വത്തിൽ നടന്ന യഹൂദ വംശഹത്യയുടെ ഭാഗമായിരുന്നു ബേബി യാർ കൂട്ടക്കൊല. ജർമ്മൻ സൈന്യം കീവിലെത്തുന്നതിനു മുമ്പ് ഒരുലക്ഷത്തി അറുപതിനായിരം യഹൂദരാണ് അവിടെയുണ്ടായിരുന്നത്. എന്നാൽ ജർമ്മനി ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്യുന്നു എന്നറിഞ്ഞ് ഒരുലക്ഷത്തോളം ആളുകൾ കീവിൽനിന്ന് പലായനം ചെയ്തതിനാൽ സൈന്യം എത്തുമ്പോൾ അറുപതിനായിരത്തോളം യഹൂദരേ അവിടെ അവശേഷിച്ചിരുന്നുള്ളൂ. ജർമ്മൻ സൈന്യം തമ്പടിച്ചിരുന്ന രണ്ടു സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങൾ, യഹൂദർക്കു നേരെയുള്ള അക്രമം അഴിച്ചുവിടാനുള്ള അവസരമാക്കി ജർമ്മനി ഉപയോഗിക്കുകയായിരുന്നു. കീവിലെ ബേബി യാർ എന്നറിയപ്പെടുന്ന മലയിടുക്കിലാണ് കൂട്ടക്കൊല നടന്നത്. അവശേഷിച്ചിരുന്ന അറുപതിനായിരം യഹൂദരിൽ ഏറിയപങ്കും അന്ന് വധിക്കപ്പെട്ടു.
ആണവഗവേഷണങ്ങൾക്കുള്ള യൂറോപ്യൻ ഓർഗനൈസേഷനായ സേൺ സ്ഥാപിക്കപ്പെട്ടത് 1954 സെപ്റ്റംബർ 29 നാണ്. 12 രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ഓർഗനൈസേഷൻ രൂപീകരിച്ചത്. ഡെന്മാർക്ക്, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ, സ്വിറ്റ്സർലന്റ്, യുകെ, യൂഗോസ്ലാവ്യ എന്നീ രാജ്യങ്ങൾ 1953ൽ ഒപ്പുവച്ച സേൺ കൺവെൻഷനാണ് തൊട്ടടുത്ത വർഷം സെപ്റ്റംബർ 29 ന് നിലവിൽവന്നത്. തുടർന്ന് പല വർഷങ്ങളിലായി 11 രാജ്യങ്ങൾ കൂടി ഓർഗനൈസേഷനിൽ അംഗങ്ങളായി. സേൺ നടപ്പാക്കുന്ന പദ്ധതികൾക്കാവശ്യമായ മൂലധന ശേഖരണം നടത്തുന്നതും സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതും അംഗരാജ്യങ്ങൾ ചേർന്നാണ്. ജനീവയിലാണ് സേണിന്റെ ആസ്ഥാനം. കണികാപരീക്ഷണമുൾപ്പെടെ നിരവധി ശ്രദ്ധേയമായ ഗവേഷണങ്ങൾ സേണിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.
ഇന്ത്യക്കാരനായ ബോക്സിംഗ് താരം വിജേന്ദർ സിംഗ് ലോകറാങ്കിങിൽ ഒന്നാമതെത്തിയത് 2009 സെപ്റ്റംബർ 29 നായിരുന്നു. 75 കിലോ വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. മിലാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനു മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന വിജേന്ദർ, ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണ് 2700 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയത്. ക്യൂബൻ താരമായ എമിലിയോ കൊറിയ ബെയൂക്സ് ആയിരുന്നു അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ബെയ്ജിംഗ് ഒളിമ്പിക്സിൽ 75 കിലോഗ്രാം മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വിജേന്ദർ വെങ്കലം നേടിയിട്ടുണ്ട്. ബോക്സിംഗിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടുന്ന ആദ്യ താരവുമാണ് വിജേന്ദർ.
സുനീഷ വി എഫ്




