അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പാപ്പ ഇന്ന് ഫ്രാൻസിലെത്തും

അഞ്ചാമത് വിദേശ അപ്പസ്തോലിക സന്ദർശനത്തിനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ ഇന്ന് ഫ്രാൻസിലെത്തും. പാരീസിൽ നിന്ന് ലൂർദിലേക്കുള്ള ‘തീർഥാടനവും’ കിഴക്കൻ ഫ്രാൻസിലെ മെറ്റ്‌സ് (Metz) സന്ദർശനവും ഉൾപ്പെടുന്നതാണ് ലെയോ പാപ്പയുടെ നാല് ദിവസത്തെ പര്യടനം. സെപ്റ്റംബർ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിലായിരിക്കും ലെയോ പാപ്പ ഫ്രാൻ‌സിൽ സന്ദർശനം നടത്തുക.

ജൂണിലെ സ്പെയിൻ സന്ദർശനത്തിന് ശേഷവും നവംബറിലെ ലാറ്റിൻ അമേരിക്കൻ പര്യടനത്തിന് മുന്നോടിയായും നടത്തുന്ന ഈ അപ്പസ്തോലിക യാത്രയിൽ ലെയോ പാപ്പയെ വളരെ ആവേശത്തോടെയാണ് ഫ്രാൻസിലെ വിശ്വാസികൾ കാത്തിരിക്കുന്നത്. പാരീസിൽ ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തു നിന്നുമായി നിരവധി തീർഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്. സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജോലികൾ വളരെ ശ്രദ്ധയോടും സമർപ്പണത്തോടും കൂടി ചെയ്യുന്നു. പ്രധാന വേദികൾക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നോട്രെ ഡാം കത്തീഡ്രലിനുള്ളിൽ അവസാനവട്ട മിനുക്കുപണികളും ഒരുക്കങ്ങളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

2019 ഏപ്രിലിലെ വിനാശകരമായ തീപിടിത്തത്തിന് ശേഷം ഇതാദ്യമായാണ് ലോകപ്രശസ്തമായ ഈ ഗോഥിക് കത്തീഡ്രലിലേക്ക് ഒരു മാർപാപ്പ എത്തുന്നത്. പുനരുദ്ധരിച്ച നോട്രെ ഡാം കത്തീഡ്രലിൽ ഫ്രാൻസിലുടനീളമുള്ള ബിഷപ്പുമാർ, വൈദികർ, ശെമ്മാശന്മാർ, സന്ന്യസ്തർ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കൊപ്പം മാർപാപ്പ സന്ധ്യാപ്രാർഥനയ്ക്ക് (Vespers) നേതൃത്വം നൽകും.

തുടർന്ന്, സ്റ്റേഡ് ഡി ഫ്രാൻസിൽ (Stade de France) ആയിരക്കണക്കിന് യുവാക്കളോടൊപ്പം മാർപാപ്പ ജാഗരണ പ്രാർഥനയിൽ പങ്കുചേരും. പരിശുദ്ധ പിതാവിനൊപ്പം സമയം ചെലവഴിക്കുന്നതിന്റെ സന്തോഷം യുവാക്കൾ ഇതിനകം തന്നെ പങ്കുവച്ചുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്ലേസ് ഡി ലാ കോൺകോർഡ്, ഷാംപ്സ്-എലിസീസ് എന്നിവിടങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ലെയോ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും.

ലൂർദിൽ മസബിയേൽ ഗുഹയിൽ (Grotto of Massabielle) പ്രാർഥിക്കുകയും തീർഥാടകർക്കൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്ത ശേഷം, പാപ്പ മെറ്റ്‌സിലേക്ക് തിരിക്കും. അവിടെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ സമാധാന സന്ദേശം നൽകുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.