
പോർച്ചുഗീസ് പ്രസിഡന്റ് അന്റോണിയോ ജോസെ മാർട്ടിൻസ് സെഗുറോ, ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ എന്നിവരുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും പിന്നീട് വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും കൂടിക്കാഴ്ച നടത്തി.
സെഗുറോയുമായുള്ള മാർപാപ്പയുടെ കൂടിക്കാഴ്ചയ്ക്കു ശേഷം ഹോളീ സീ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, വത്തിക്കാനും പോർച്ചുഗലും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ സന്തോഷം രേഖപ്പെടുത്തി. സാമൂഹിക-സാമ്പത്തിക പുരോഗതിയും പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെ ഇരുവിഭാഗത്തിനും പൊതുതാൽപര്യമുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്.
കൂടാതെ, ആഗോള സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ, കുടിയേറ്റം, ബഹുമുഖ നയതന്ത്രത്തിന്റെ പ്രാധാന്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ്, സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ഭാവം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. മഗ്യാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹോളീ സീ പ്രസ്സ് ഓഫീസ് നൽകിയ വിവരമനുസരിച്ച്, ഉഭയകക്ഷി ബന്ധങ്ങളിലെ സംതൃപ്തിയും ഹംഗറിയിലെ കത്തോലിക്കാ സഭയുടെ സംഭാവനകളും എടുത്തുപറഞ്ഞു.
ഹംഗറിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലും, വിദ്യാഭ്യാസ മേഖല, ലോകത്തിലെ ഏറ്റവും ദുർബലരായ ക്രിസ്ത്യൻ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലുമാണ് പ്രധാനമായും ചർച്ച കേന്ദ്രീകരിച്ചത്. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച്, ഉക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷാവസ്ഥകളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തിയെന്നും സമാധാനം കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം കൂടുതൽ പ്രതിജ്ഞാബദ്ധത കാണിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും പ്രസ്സ് ഓഫീസ് കൂട്ടിച്ചേർത്തു.




