ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 25

1639 സെപ്റ്റംബർ 25 നാണ് അമേരിക്കയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് പ്രവർത്തനമാരംഭിച്ചത്. 150 വർഷത്തോളം പ്രവർത്തിച്ച പ്രസ്സ് കേംബ്രിഡ്ജിലെ ഹാർവാർഡ് കോളേജിലാണ് സ്ഥിതിചെയ്തിരുന്നത്. പുതിയ കാലത്ത് അച്ചടിക്കപ്പെട്ട ആദ്യപുസ്തകങ്ങളിൽ പലതും ഈ പ്രസ്സിൽ നിന്നാണ് പുറത്തിറങ്ങിയത്. ഫ്രീമാൻസ് ഓത്താണ് ആദ്യമായി ഈ പ്രസ്സിൽ അച്ചടിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. മസാച്യുസെറ്റ് ബേ കോളനിയിലെ പൗരനായിരിക്കാൻ ആഗ്രഹിക്കുന്ന 20 വയസ്സിനുമേൽ പ്രായമുള്ളവർ ചൊല്ലേണ്ടിയിരുന്ന പ്രതിജ്ഞയായിരുന്നു ഫ്രീമാൻസ് ഓത്ത്.

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് ദിശാബോധം നൽകിയവരിൽ പ്രധാനിയായിരുന്ന സതീഷ് ധവാൻ ജനിച്ചത് 1920 സെപ്റ്റംബർ 25 നായിരുന്നു. ജമ്മുകാശ്മീരിലെ ശ്രീനഗറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഏയ്റനോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുകയും 1962 ൽ അതിന്റെ ഡയറക്ടറാവുകയും ചെയ്തു. ഐഐഎസിൽ ആദ്യത്തെ സൂപ്പർസോണിക് വിൻഡ് ടണൽ നിർമ്മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1972 ൽ പ്രൊഫ. ധവാൻ ഐഎസ്ആർഒയുടെ ചെയർമാനായി നിയമിതനായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്ത് വലിയ കുതിച്ചുചാട്ടങ്ങളുണ്ടായത് അദ്ദേഹത്തിന്റെ കാലത്താണ്. ഇൻസാറ്റ്, പിഎസ്എൽവി, ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് തുടങ്ങിയവ വികസിപ്പിക്കുന്നതിൽ ധവാന്റെ നേതൃത്വം നിർണ്ണായകമായിരുന്നു. 2002 ജനുവരി മൂന്നിന് അദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം അദ്ദേഹത്തിന്റെ സ്മരണാർഥം സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരിൽ പിന്നീട് പുനർനാമകരണം ചെയ്യപ്പെട്ടു.

2006 സെപ്റ്റംബർ 25 നാണ് ധനേഷ് എന്ന ഹിന്ദു യുവാവ് പാക്കിസ്ഥാൻ പട്ടാളക്കാരനായി ജോലിയിൽ പ്രവേശിച്ചത്. അതോടെ രാജ്യത്തിന്റെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സൈന്യത്തിന്റെ ഭാഗമാകുന്ന ഹിന്ദുവംശജനായി അദ്ദേഹം മാറി. സിന്ധ് പ്രവിശ്യയിലെ തർപാർക്കർ സ്വദേശിയായിരുന്നു ധനേഷ്. പ്രസിഡന്റ് പർവേസ് മുഷറഫാണ് സൈന്യത്തിൽ ചേരാനുള്ള തന്റെ പ്രചോദനം എന്നാണ് ധനേഷ് അന്ന പറഞ്ഞത്. 2005 ഡിസംബറിൽ ആദ്യമായി ഒരു സിഖ് വംശജനെ പാക്ക് സൈന്യത്തിൽ ചേർത്തിരുന്നു. ഹർചരൺ സിംഗായിരുന്നു പാക്ക് പട്ടാളത്തിലെത്തിയ ആദ്യ സിഖ് വംശജൻ.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.