
തെക്കുകിഴക്കൻ പോളണ്ടിലെ കത്തോലിക്കാ ആശ്രമത്തിൽ ഉണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഉക്രൈൻകാരനായ 31-കാരനെ പോളിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഉക്രൈൻ അതിർത്തിക്ക് സമീപമുള്ള ജറോസ്ലാവ് (Jarosław) എന്ന ചെറിയ പട്ടണത്തിലെ ബെനഡിക്റ്റൈൻ ആബിയിലാണ് സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9:30-ഓടെ ആക്രമണമുണ്ടായത്.
ആശ്രമത്തിന്റെ വളപ്പിൽ വച്ച് നാല് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമാണ് കുത്തേറ്റത്. പരിക്കേറ്റ അഞ്ചുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പുരുഷന്മാരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാൾ ഒരു കത്തോലിക്കാ വൈദികനാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്തുനിന്നുതന്നെ 31 വയസ്സുള്ള ഉക്രേനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.




