ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ ഇനി വാഴ്ത്തപ്പെട്ടവൻ

ഇല്ലിനോയിസിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീൻ, ഒരു പണ്ഡിതൻ എന്ന നിലയിലും കത്തോലിക്കാ വിശ്വാസത്തിന്റെ ആശയവിനിമയക്കാരൻ എന്ന നിലയിലും മഹത്തായ കാര്യങ്ങൾക്കായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു. സെപ്റ്റംബർ 24 ന് ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി, ഒരു കർഷക കുടുംബത്തിൽ നിന്ന് മാസ് മീഡിയ താരമായി ഉയർന്ന അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ജന്മദേശമായ മിഡ്‌വെസ്റ്റിൽ നിന്നുതന്നെയുള്ള ലെയോ പതിനാലാമൻ പാപ്പ ഒപ്പുവച്ച ഉത്തരവ് വായിച്ച ശേഷമായിരുന്നു ഈ പ്രഖ്യാപനം.

തന്റെ ഉത്തരവിലൂടെ, വാഴ്ത്തപ്പെട്ട ഷീന്റെ ചരമവാർഷിക ദിനമായ ഡിസംബർ ഒൻപത് അപ്പസ്തോലിക തിരുനാൾ ദിനമായി ലെയോ പാപ്പ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തിരുനാൾ ദിനം അമേരിക്കയിലെ കത്തോലിക്കാ സഭയുടെ കലണ്ടറിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമകരണ വിശുദ്ധ കുർബാനയിലെ മുഖ്യകാർമ്മികനും മാർപാപ്പയുടെ പ്രതിനിധിയുമായ കർദിനാൾ ലൂയിസ് ടാഗ്ലെ, തന്റെ പ്രസംഗത്തിൽ ‘വാഴ്ത്തപ്പെട്ടവൻ’ എന്നതിന്റെ അർഥത്തെക്കുറിച്ച് സംസാരിച്ചു.

ചരിത്രത്തിലുടനീളം ക്രിസ്തീയവിശ്വാസം പങ്കുവച്ച പലരും പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും, അവരുടെ ജീവിതം സന്തോഷത്താൽ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യേശുക്രിസ്തുവുമായുള്ള ഷീന്റെ ആഴത്തിലുള്ളതും വിനയപൂർണ്ണവുമായ ബന്ധവും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കാണിച്ച തീവ്രമായ ഐക്യദാർഢ്യവുമാണ് ഒരു മിഷനറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തിയതെന്നും എല്ലാ കത്തോലിക്കരും ഇത് മാതൃകയാക്കണമെന്നും കർദിനാൾ ടാഗ്ലെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.