പൊതുയിടങ്ങളിലെ തിരുത്തലുകൾ എങ്ങനെയാണ് കുട്ടികളുടെ മനസ്സിനെ ബാധിക്കുന്നത്?

​കുടുംബകൂട്ടായ്മകളിലോ സൂപ്പർമാർക്കറ്റുകളിലോ പൊതുയിടങ്ങളിലോ വച്ച് കുട്ടികൾ അനുസരണക്കേട് കാണിക്കുകയോ തെറ്റുകൾ വരുത്തുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുട്ടികളെ ഉടനടി ശാസിക്കുകയോ തിരുത്തുകയോ ചെയ്യുന്ന രീതി പല മാതാപിതാക്കളിലും കാണാറുണ്ട്. എന്നാൽ നാലാളുടെ മുന്നിൽ വച്ചുള്ള ഇത്തരം തിരുത്തലുകൾ കുട്ടികളുടെ ഉള്ളിൽ ഏത് തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

​1. കുട്ടികളുടെ വ്യത്യസ്തമായ പ്രതികരണങ്ങൾ

​വീട്ടിൽവച്ച് ശാന്തമായി തിരുത്തുമ്പോൾ കേൾക്കുന്ന കുട്ടി മറ്റുള്ളവരുടെ മുന്നിൽ വച്ച് തിരുത്തുമ്പോൾ വളരെ വ്യത്യസ്തമായി പ്രതികരിക്കാം. ചില കുട്ടികൾ സ്വയം പ്രതിരോധിക്കാനായി തർക്കിക്കുകയോ കരയുകയോ അല്ലെങ്കിൽ ആ പെരുമാറ്റം തന്നെ കൂടുതൽ തീവ്രമായി തുടരുകയോ ചെയ്യാം. മറ്റു ചില കുട്ടികൾ പെട്ടെന്ന് മിണ്ടാതാവുകയോ കണ്ണുകളിൽ നോക്കാതിരിക്കുകയോ അപകർഷതാബോധത്തോടെ ഒതുങ്ങിപ്പോവുകയോ ചെയ്യാം.

​2. സ്വകാര്യമായ ഉപദേശവും പൊതുയിടത്തിലെ താരതമ്യവും

​വീട്ടിൽ വച്ച് ‘മറ്റുള്ളവരുടെ സാധനം ചോദിക്കാതെ എടുക്കരുത്’ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയല്ല ബന്ധുക്കളുടെ മുന്നിൽ വച്ച് ‘നീ എന്താ ഇങ്ങനെ?’ ‘നിന്റെ കസിനെ കണ്ടുപഠിക്ക്’, ‘നീ ഒരിക്കലും നന്നാകില്ല’ എന്ന് പറയുമ്പോൾ ഉണ്ടാകുന്നത്. ​രണ്ടാമത്തെ പ്രതികരണത്തിൽ കുട്ടിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനേക്കാൾ കൂടുതൽ ​കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുന്നു. ​മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അപമാനിക്കുന്നു. ​കുട്ടിയുടെ തെറ്റിനെ പരസ്യമായ ചർച്ചാവിഷയമാക്കുന്നു. ​വികാരങ്ങളെ പൂർണ്ണമായി നിയന്ത്രിക്കാൻ പാകപ്പെടാത്ത ചെറിയ കുട്ടികൾക്ക് ഇത് താങ്ങാൻ കഴിയാത്തത്ര മാനസിക സമ്മർദം ഉണ്ടാക്കുന്നു.

​3. കുറ്റബോധവും നാണക്കേടും തമ്മിലുള്ള വ്യത്യാസം

​കുട്ടികളുടെ മാനസിക വികാസത്തിൽ ഈ വ്യത്യാസം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. കുറ്റബോധം എന്ന് പറയുന്നത് ചെയ്ത പ്രവൃത്തിയോട് മാത്രമുള്ള തോന്നലാണ്. ‘ഞാൻ ആ കളിപ്പാട്ടം തട്ടിയെടുക്കാൻ പാടില്ലായിരുന്നു, അത് തിരിച്ചു കൊടുക്കണം’ എന്ന് കുട്ടി ചിന്തിക്കുന്നു. ഇത് കുട്ടിയെ നല്ല മാറ്റങ്ങളിലേക്ക് നയിക്കും.

​പൊതുയിടത്തിലെ വിമർശനം കുട്ടികളിൽ ഉണ്ടാക്കുന്നത് അപമാനമാണ്. ‘ഞാൻ മോശം കുട്ടിയാണ് ‘എല്ലാവരും എന്നെ വെറുക്കുന്നു’ എന്ന തോന്നലാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇത് കുട്ടിയുടെ ആത്മാഭിമാനത്തെത്തന്നെ തകർക്കും.

​4. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

​ഒരു പൊതുയിടത്തിൽ വച്ച് കുട്ടി തെറ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ തങ്ങളുടെ അപകർഷതാബോധം മറികടക്കാനാണോ കുട്ടിയെ ശാസിക്കുന്നത് എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്.

കുട്ടിയുടെ വശത്തുനിന്നു ചിന്തിച്ച് കാര്യങ്ങൾ സ്വകാര്യമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. കുട്ടിയുടെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ കുറ്റപ്പെടുത്താതെ ആ ചെയ്ത പ്രവൃത്തിയെ മാത്രം ചൂണ്ടിക്കാണിക്കുക. ​കുട്ടികളുടെ ചെറിയ തെറ്റുകൾ മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്യമായ ചർച്ചയാക്കാതെ സ്വകാര്യമായി തിരുത്തുന്നത് അവരുടെ മാനസികാരോഗ്യവും ആത്മാഭിമാനവും വളർത്താൻ സഹായിക്കും.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.