ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 23

ചരിത്രത്തിൽ ഈ ദിനം ചേർത്തുവച്ചിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ജനിച്ചത് 1940 ഒക്ടോബർ 23 നാണ്. കളിക്കളത്തിലുണ്ടായിരുന്ന കാലത്ത് ഏറ്റവും പ്രശസ്തനും ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്നതുമായ ഫുട്ബോൾ താരം പെലെ ആയിരുന്നു. 1958, 1962, 1970 എന്നീ വർഷങ്ങളിൽ ബ്രസീൽ, ലോകകപ്പ് സ്വന്തമാക്കിയപ്പോൾ പെലെയും ടീമിൽ അംഗമായിരുന്നു. 1957 ൽ തന്റെ 16-ാമത്തെ വയസ്സിലാണ് പെലെ രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത വർഷംതന്നെ അദ്ദേഹം ആദ്യ ലോകകപ്പ് കളിച്ചു. 14 കളികളിലായി 12 ഗോളുകളാണ് ലോകകപ്പ് കരിയറിൽ അദ്ദേഹം നേടിയത്. 197 4ൽ ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും 1975 ൽ ന്യൂയോർക്ക് കോസ്മോസ് ക്ലബുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവച്ചു. 1977 ൽ കോസ്മോസ്, ലീഗ് ചാമ്പ്യൻഷിപ്പിൽ, വിജയിച്ചു. അതിനുശേഷം പെലെ ഫുട്ബോൾ കരിയറിനോട് വിടപറഞ്ഞു. 2022 ഡിസംബർ 29 ന് അദ്ദേഹം മരണമടഞ്ഞു.

1998 ഒക്ടോബർ 23 നായിരുന്നു ഇന്റർനെറ്റ് അധിഷ്ഠിത സമയമായി സ്വാച്ച് നിലവിൽ വന്നത്. സ്വിസ് വാച്ച് നിർമാതാക്കാളായ സ്വാച്ച് കമ്പനിയാണ് സമയക്രമം നിർദേശിച്ചത്. ദിവസത്തെ 24 മണിക്കൂറുകളും, മണിക്കൂറുകളെ 60 മിനിറ്റുകളുമായി തിരിക്കുന്നതിനുപകരം ഒരു ദിവസത്തെ 1000 ബീറ്റുകളായി തിരിക്കുന്നതായിരുന്നു സ്വാച്ച് സമയം. 86.4 സെക്കന്റാണ് ഒരു ബീറ്റിന്റെ ദൈർഘ്യം. @ എന്ന ചിഹ്നത്തോടൊപ്പമാണ് ഈ സമയം എഴുതുന്നത്. ദിവസം ആരംഭിക്കുന്ന @000 എന്ന സമയം ‘ബീൽ മീൻ ടൈം’ എന്നാണ് അറിയപ്പെടുന്നത്. സ്വിറ്റസർലണ്ടിലെ ബീൽ എന്ന സ്ഥലത്താണ് സ്വാച്ച് കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത സമയനിർണയത്തെ എളുപ്പമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സ്വാച്ച് സമയം.

2003 ഒക്ടോബർ 23 നാണ് ആപ്പിൾ ഐ പോഡ് ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്. തൊട്ടടുത്ത മാസംതന്നെ അത് വിപണിയിലെത്തി. ‘ആയിരം പാട്ടുകൾ നിങ്ങളുടെ പോക്കറ്റിൽ’ എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ ഐപോഡ്, സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഇലക്ട്രോണിക് ഉപകരണമായി മാറി. 5 ജി. ബി. സ്റ്റോറേജ് കപ്പാസിറ്റിയോടുകൂടി തുടങ്ങിയ ഐ പോഡിന്റെ യാത്ര 160 ജി. ബി. സ്റ്റോറേജ് കപ്പാസിറ്റി വരെയുള്ളതായി. എന്നാൽ, ഇത്തരം സൗകര്യങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമായതോടെ ഇവ വിപണിയിൽനിന്നും അപ്രത്യക്ഷമായിത്തുടങ്ങി. നിലവിൽ ഐപോഡ് ടച്ച് എന്ന ഒരു മോഡൽ മാത്രമാണ് വിപണിയിലുള്ളത്. അതിന്റെ നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ഐപോഡ് യുഗം അവസാനിക്കുമെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.