
ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ തെക്കൻ ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ സന്ദർശിക്കുന്നു. അഭയാർഥികളോടും കുടിയേറ്റക്കാരോടും സമൂഹം കാണിക്കുന്ന ഉദാസീനത അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായാണ് പാപ്പയുടെ ഈ സന്ദർശനം.
കടൽമാർഗമുള്ള അപകടകരമായ യാത്രകളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ് ഈ ദ്വീപ്. ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചതിന് 2014 – ൽ ഈ ദ്വീപിനെ നോബൽ സമാധാന പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിരുന്നു. 2013 ജൂലൈ എട്ടിനായിരുന്നു ഫ്രാൻസിസ് മാർപാപ്പ റോമിന് പുറത്തുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഈ ദ്വീപ് തിരഞ്ഞെടുത്തത്. അന്ന് പാപ്പ തകർന്ന അഭയാർഥി ബോട്ടിലെ മരംകൊണ്ട് നിർമ്മിച്ച കുരിശ് ആശീർവദിച്ചിരുന്നു.
കടലിൽ ജീവൻ നഷ്ടപ്പെട്ട മുസ്ലീങ്ങളും കത്തോലിക്കരും അടങ്ങുന്നവരുടെ ശ്മശാനം പാപ്പ സന്ദർശിക്കും. കടൽമാർഗം എത്തുന്നവർക്ക് ഒരു വഴിവിളക്കായി നിലകൊള്ളുന്ന ‘ഗേറ്റ്‌വേ ടു യൂറോപ്പ്’ എന്ന ശില്പത്തിന് മുന്നിൽ മാർപാപ്പ പ്രാർഥിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ പേര് നൽകിയ ഫവാരോലോ പിയറിൽ വച്ച് ഒരു അഭയാർഥി കുടുംബത്തെ നേരിൽ കാണും. ദ്വീപിലെ കായിക മൈതാനത്ത് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം അഭയാർഥി ബോട്ടുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച 70 സെന്റീമീറ്റർ ഉയരമുള്ള ഒരു വിളക്കുമാടം മാർപാപ്പയ്ക്ക് സമ്മാനിക്കും. പ്രത്യാശയുടെയും പ്രകാശത്തിന്റെയും പ്രതീകമായി ഈ വിളക്കുമാടം മാർപാപ്പ വത്തിക്കാനിലേക്ക് കൊണ്ടുപോകും




