
ഗ്രേറ്റ ഗെർവിഗിന്റെ ‘ലേഡി ബേർഡ്’ (Lady Bird) എന്ന ചിത്രം കൗമാരത്തിന്റെ പ്രക്ഷുബ്ധതയെയും അതിലുപരി ഒരു അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ സ്നേഹബന്ധത്തെയും അതിമനോഹരമായി ആവിഷ്കരിക്കുന്നു. കാലിഫോർണിയയലെ സാക്രമെന്റോയിൽ ജീവിക്കുന്ന ക്രിസ്റ്റിൻ എന്ന പെൺകുട്ടി, സ്വയം ‘ലേഡി ബേർഡ്’ എന്ന് പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നവളാണ്. അവളുടെ ജീവിതത്തിലെ പ്രധാന പോരാട്ടം ചുറ്റുപാടുകളോടല്ല, മറിച്ച് അവളോട് വളരെയധികം സാമ്യമുള്ള, എന്നാൽ തീർത്തും വ്യത്യസ്തമായി ചിന്തിക്കുന്ന അവളുടെ അമ്മയായ മാരിയോണിനോടാണ്.
സാമ്പത്തികമായി ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരു കുടുംബമാണ് ലേഡി ബേർഡിന്റേത്. പിതാവായ ലാറിയുടെ ജോലി നഷ്ടപ്പെടുകയും അമ്മ നഴ്സായി രാപ്പകൽ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഉയർന്ന ജീവിതനിലവാരം സ്വപ്നം കാണുന്ന ലേഡി ബേർഡിന്റെ ആഗ്രഹങ്ങൾ പലപ്പോഴും അമ്മയ്ക്ക് അസ്വീകാര്യമായി തോന്നുന്നു. ലേഡി ബേർഡിന്റെ സ്കൂൾ വിദ്യാഭ്യാസം, കോളേജ് പ്രവേശം, പ്രണയം, സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അമ്മയുടെ അഭിപ്രായങ്ങൾ കടന്നുവരുന്നു. ലേഡി ബേർഡ് അതിനെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമ്പോൾ, മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതലായാണ് മാരിയോണ്‍ അതിനെ കാണുന്നത്.
ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ പലപ്പോഴും തർക്കങ്ങളായി മാറുന്നു. സ്നേഹിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അത് ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് അവർക്കിടയില്‍ എപ്പോഴും വഴക്കാണ്. വസ്ത്രം തിരഞ്ഞെടുക്കുന്നതിലെ തർക്കത്തിൽ തുടങ്ങി, കോളേജ് വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചെലവുകളെക്കുറിച്ചു
ഒരിക്കല്‍ ദേഷ്യം പൂണ്ട മാരിയൺ, ലേഡി ബേർഡിന് കോളേജിൽ പ്രവേശനം ലഭിച്ചിട്ടും ആ വേനൽക്കാലം മുഴുവൻ അവളോട് മിണ്ടാതിരിക്കുന്നു. ലേഡി ബേർഡ് ന്യൂയോർക്കിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, മാതാപിതാക്കൾ അവളെ വിമാനത്താവളത്തിൽ എത്തിക്കുന്നുണ്ടെങ്കിലും, യാത്ര പറയാൻ ഉള്ളിലേക്ക് വരാൻ മാരിയൺ വിസമ്മതിക്കുന്നു. പിന്നീട് മനസ്സ് മാറ്റി അവൾ ഉള്ളിലേക്ക് ഓടിയെത്തുന്നുണ്ടെങ്കിലും അതിനകം ലേഡി ബേർഡ് സുരക്ഷാപരിശോധന കഴിഞ്ഞ് അകത്തേക്ക് കടന്നിരുന്നു. ഇത് കണ്ട് മാരിയോൺ ലാറിയുടെ തോളിൽക്കിടന്ന് പൊട്ടിക്കരയുന്നു.
ന്യൂയോർക്കിലെത്തിയ ലേഡി ബേർഡ് തന്റെ ലഗേജിൽ അമ്മ എഴുതിയതും എന്നാൽ, പിന്നീട് ഉപേക്ഷിച്ചതുമായ ഹൃദ്യമായ ചില അപൂർണ്ണമായ കത്തുകൾ കണ്ടെത്തുന്നു. പിതാവായ ലാറി അവ രഹസ്യമായി ശേഖരിച്ച് ലേഡി ബേർഡിന്റെ ബാഗിൽ വച്ചതായിരുന്നു. ആ കത്തുകൾ വായിച്ച് അമ്മയുടെ സ്നേഹം പൂര്‍ണ്ണമായി മനസ്സിലാക്കിയ അവൾ, ലേഡി ബേർഡ് എന്ന പേര് ഉപേക്ഷിച്ച് തന്റെ യഥാർഥ പേരായ ‘ക്രിസ്റ്റിൻ’ എന്ന പേര് വീണ്ടും സ്വീകരിക്കുന്നു.
കോളേജ് പാർട്ടിയിൽ അമിതമായി മദ്യപിച്ചതിനെത്തുടർന്ന് ക്രിസ്റ്റിൻ ആശുപത്രിയിലാകുന്നു. ആശുപത്രി വിട്ട ശേഷം അവൾ അടുത്തുള്ള ഒരു പള്ളിയിൽ പോവുകയും അവിടെ വച്ച് അവൾ വികാരാധീനയായി കരയുകയും ചെയ്യുന്നു. തുടർന്ന് ക്രിസ്റ്റിൻ വീട്ടിലേക്ക് വോയിസ് മെസേജിലൂടെ താൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയുകയും എല്ലാ കാര്യങ്ങൾക്കും സഹായിച്ചതിന് അമ്മയോട് നന്ദി പറയുകയും ചെയ്യുന്നു.
ഈ സിനിമ നമുക്ക് നൽകുന്ന വലിയ പാഠം, അമ്മയും മക്കളും തമ്മിലുള്ള ബന്ധം എന്നത് ലളിതമായ ഒന്നല്ല എന്നതാണ്. അത് സ്നേഹവും പിണക്കങ്ങളും, കരുതലും വിമർശനങ്ങളും, വിട്ടുനല്‍കലും ചേർത്തുപിടിക്കലുമെല്ലാം നിറഞ്ഞ ഒരു വലിയ യാത്രയാണ്. പലപ്പോഴും അമ്മമാർ നമ്മുടെ ഏറ്റവും വലിയ വിമർശകരായി വരുന്നത്, അവരുടെ ഏറ്റവും വലിയ സ്വപ്നം നമ്മളായതുകൊണ്ടാണ്.
‘ലേഡി ബേർഡ്’ എന്ന സിനിമ അവസാനിക്കുമ്പോൾ, അതൊരു മകളുടെ വളർച്ചയുടെ കഥയായി മാറുന്നു. ബാല്യത്തില്‍ മറ്റു കുട്ടികള്‍ക്ക് ലഭിച്ച പല സൗകര്യങ്ങളും ലഭിച്ചിട്ടില്ലെങ്കിലും, തനിക്ക് ലഭിച്ച അമ്മയുടെ കരുതലാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് ഒടുവില്‍ അവൾ മനസ്സിലാക്കുന്നു. ഒരു മകൾ അമ്മയെ വെറുക്കാനും സ്നേഹിക്കാനും ഒരേ സമയം ശ്രമിക്കുന്നതിന്റെയും, അവസാനം ആ സ്നേഹത്തെ തിരിച്ചറിയുന്നതിന്റെയും മനോഹരമായ കാഴ്ചയാണ് ഈ ചിത്രം. നമ്മുടെയെല്ലാം ജീവിതത്തിൽ അമ്മമാരുമായി ഉണ്ടായിട്ടുള്ള ഇത്തരം ചെറിയ – വലിയ വഴക്കുകൾ, യഥാർഥത്തിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള തനതായ വഴികളായിരുന്നുവെന്ന് ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




