നേപ്പാളിലെയും ടിബറ്റിലെയും പ്രളയബാധിതർക്കായി പ്രാർഥിച്ച് ലെയോ പാപ്പ

ഹെയ്തിയിൽ തോക്കുധാരികൾ തടവിലാക്കിയിരിക്കുന്ന മുഴുവൻ ആളുകളെയും ഉടനടി മോചിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ അഭ്യർഥിച്ചു. കൂടാതെ, നേപ്പാളിലും ടിബറ്റിലും ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കായി മാർപാപ്പ പ്രാർഥനകൾ അർപ്പിച്ചു. ഞായറാഴ്ച കാസിൽ ഗാൻഡോൾഫോയിൽ നടന്ന ആഞ്ചെലൂസ് പ്രാർഥനയ്ക്കു ശേഷം സംസാരിക്കവെയാണ് മാർപാപ്പ തന്റെ ആശങ്ക അറിയിച്ചത്.

“കെൻസ്കോഫിൽ നടന്ന ദാരുണമായ കൂട്ടക്കൊലയെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹെയ്തിയിൽ നിന്ന് വരുന്നത്. ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഞാൻ പ്രാർഥിക്കുന്നു. തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും യാതൊരു താമസവും കൂടാതെ മോചിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു,” മാർപാപ്പ പറഞ്ഞു. കൂടാതെ, നേപ്പാളിലെയും ടിബറ്റിലെയും പ്രളയബാധിതർക്കായും പാപ്പ പ്രത്യേകം പ്രാർഥിച്ചു.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും കാണാതായവർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി പ്രാർഥിച്ച മാർപാപ്പ, ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.

സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന ‘ലോക സൃഷ്ടിസംരക്ഷണ പ്രാർഥനാദിന’ത്തിന്റെ (World Day of Prayer for the Care of Creation) പ്രാധാന്യവും മാർപാപ്പ ഓർമ്മിപ്പിച്ചു. തകർച്ച നേരിടുന്ന ലോകത്ത് ദൈവത്തിന്റെ സമാധാനത്തിന്റെ ജീവജലം ഒഴുകുന്ന വഴികളായി മാറാൻ പ്രാർഥനയിലും പ്രവൃത്തിയിലും പങ്കാളികളാകാനും പാപ്പ വിശ്വാസികളെ ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.