
“സമയം പോരാ” എന്ന പരാതി പലപ്പോഴും നമ്മൾ പറയാറുണ്ട്. എന്നാൽ എല്ലാവർക്കും ഒരു ദിവസം ലഭിക്കുന്നത് 24 മണിക്കൂർ തന്നെയാണ്. അതിനാൽ കൂടുതൽ സമയം കണ്ടെത്തുന്നതിനേക്കാൾ ലഭിക്കുന്ന സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ജോലിക്കും കുടുംബത്തിനും വിശ്രമത്തിനുമെല്ലാം ആവശ്യമായ സമയം കണ്ടെത്താൻ നല്ല സമയക്രമം സഹായിക്കും.
സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് തിരിച്ചറിയാം
ഒരു ദിവസം എങ്ങനെയാണ് കടന്നുപോകുന്നതെന്ന് ശ്രദ്ധിച്ചുനോക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾക്കൊപ്പം അനാവശ്യമായ ചില കാര്യങ്ങൾക്കും സമയം പോകുന്നുണ്ടാകാം. കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാൻ കഴിയുന്ന സമയം തിരിച്ചറിയുന്നതും നല്ല സമയക്രമത്തിന്റെ ഭാഗമാണ്.
പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകാം
ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ടാകുമ്പോൾ എല്ലാം ഒരേസമയം ചെയ്യാൻ ശ്രമിക്കേണ്ടതില്ല. പ്രധാനപ്പെട്ട ജോലികൾ ആദ്യം പൂർത്തിയാക്കുക. ദിവസത്തേക്കുള്ള ചെറിയൊരു പട്ടിക തയ്യാറാക്കി മുൻഗണന നിശ്ചയിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നതിലുപരി പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുക എന്നതായിരിക്കണം ലക്ഷ്യം.
മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കാം
“പിന്നീട് ചെയ്യാം” എന്ന ചിന്ത ജോലികൾ കൂടിക്കിടക്കാൻ കാരണമാകും. ബുദ്ധിമുട്ടുള്ള ജോലികൾ ആദ്യം ചെയ്യുകയും വലിയ ജോലികളെ ചെറിയ ഭാഗങ്ങളാക്കി പൂർത്തിയാക്കുകയും ചെയ്യാം. ഓരോ ജോലി പൂർത്തിയാക്കുമ്പോഴും ലഭിക്കുന്ന സംതൃപ്തി അടുത്ത കാര്യത്തിലേക്ക് കടക്കാൻ പ്രചോദനമാകും.
സമയം കവർന്നെടുക്കുന്ന ശീലങ്ങൾ കുറയ്ക്കാം
ഫോൺ ഉപയോഗം, സാമൂഹികമാധ്യമങ്ങൾ, അനാവശ്യ സംഭാഷണങ്ങൾ തുടങ്ങിയവ അറിയാതെ തന്നെ ഏറെ സമയം നഷ്ടപ്പെടുത്താം. ഫോൺ അറിയിപ്പുകൾ നിയന്ത്രിക്കുകയും ആവശ്യമായ സമയത്ത് മാത്രം സന്ദേശങ്ങളും ഇ-മെയിലുകളും പരിശോധിക്കുകയും ചെയ്യുന്നത് ശ്രദ്ധ നിലനിർത്താൻ സഹായിക്കും.
വിശ്രമത്തിനും സമയം കണ്ടെത്താം
സമയം ക്രമപ്പെടുത്തുന്നത് ജോലികൾക്കായി മാത്രം സമയം കണ്ടെത്തുന്നതല്ല. കുടുംബത്തിനും വിശ്രമത്തിനും സ്വന്തം ഇഷ്ടങ്ങൾക്കുമായി സമയം മാറ്റിവയ്ക്കണം. ഇടയ്ക്കുള്ള വിശ്രമവും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കുറച്ചുസമയം മാറിനിൽക്കുന്നതും മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും.
കടന്നുപോയ സമയം തിരിച്ചുപിടിക്കാനാവില്ല. എന്നാൽ ലഭിക്കുന്ന ഓരോ നിമിഷവും എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് തീരുമാനിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുകയും അനാവശ്യമായ കാര്യങ്ങളിൽ സമയം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോൾ, കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം കൂടുതൽ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനും നമുക്ക് കഴിയും.
വിവർത്തനം: ഡിൻസി തോമസ്




