
1751 ആഗസ്റ്റ് 31 നാണ് റോബർട്ട് കൈ്ലവിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം അർകോട്ട് പിടിച്ചെടുത്തത്. കർണാടക നവാബായിരുന്ന ഛന്ദ സാഹിബിന്റെ തലസ്ഥാനമായിരുന്നു അർകോട്. രണ്ടാം കർണാടിക് യുദ്ധത്തിന്റെ ഭാഗമായാണ് കമ്പനി തലസ്ഥാനം നഗരം പിടിച്ചെടുത്തത്. കർണാടിക് നവാബായിരുന്ന അൻവറുദീൻ ഖാന്റെ മരണശേഷം ഫ്രഞ്ചുകാരുടെ പിന്തുണയോടെയാണ് ഛന്ദ സാഹിബ് അധികാരത്തിലെത്തിയത്. അൻവറുദീന്റെ മകൻ മുഹമ്മദലിയുടെ കൈവശമുണ്ടായിരുന്ന തൃശിനാപ്പള്ളി കോട്ട പിടിച്ചെടുക്കാനായിരുന്നു ഛന്ദാ സാഹിബ് യുദ്ധത്തിനൊരുങ്ങിയത്. അർകോട്ട് പിടിച്ചെടുക്കാൻ ഈ അവസരം റോബർട്ട് കൈ്ലവ് ഉപയോഗപ്പെടുത്തുകയായിരുന്നു.
20 വർഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയത് 2021 ആഗസ്റ്റ് 31 നായിരുന്നു. ദോഹ ഉടമ്പടിപ്രകാരം ആഗസ്റ്റ് 31 നു മുമ്പ് സേനാപിന്മാറ്റം ഉണ്ടാകുമെന്ന് അമേരിക്ക നൽകിയ ഉറപ്പാണ് പ്രസിഡന്റ് ജോ ബൈഡൻ പാലിച്ചത്. 31 ന് പുലർച്ചെ യുഎസ് സൈനികരെയും വഹിച്ച് അവസാന വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതോടെയാണ് സേനാപിന്മാറ്റം പൂർത്തിയായത്. 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിൽ അൽഖ്വയ്ദ നടത്തിയ ഭീകരാക്രമണമായിരുന്നു അമേരിക്കയെ അഫ്ഗാനിലെത്തിച്ചത്. തുടർന്ന് രണ്ടുമാസത്തിനകം അൽഖ്വയ്ദയ്ക്കു താവളമൊരുക്കിയ താലിബാൻ ഭരണത്തെ അവർ തൂത്തെറിഞ്ഞു. അതിനു ശേഷം അമേരിക്കയുടെ പിൻബലമുള്ള സർക്കാരാണ് അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്നത്. ആഗസ്റ്റ് 31 ലെ അമേരിക്കയുടെ പിന്മാറ്റത്തോടെ വീണ്ടും താലിബാൻ അഫ്ഗാനിൽ ഭരണത്തിലെത്തി.
ചരിത്രത്തിലാദ്യമായി ഒരേ ദിവസം ഒൻപതുപേർ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത് 2021 ആഗസ്റ്റ് 31 നായിരുന്നു. അവരിൽ മൂന്നുപേർ സ്ത്രീകളായിരുന്നു. ഇതോടെ ഇന്ത്യയിൽ 2027 ൽ ആദ്യ വനിതാ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകാൻ വഴിയൊരുങ്ങി. കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി വി നാഗരത്നയ്ക്കാണ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാനുള്ള അവസരമൊരുങ്ങിയത്. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന. ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
സുനീഷ വി എഫ്




