
ക്രൈസ്തവരായ നമ്മുടെ വിശുദ്ധഗ്രന്ഥമാണ് ബൈബിൾ. ബൈബിൾ അനുദിനം വായിക്കുന്നത് നമ്മുടെ അത്മീയജീവിതത്തെയും ഒപ്പം ഭൗതികജീവിതത്തെയും ഒരുപോലെ ഉയർച്ചയിലേയ്ക്ക് എത്തിക്കും. വിശുദ്ധഗ്രന്ഥം അനുദിനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് കൊണ്ടുള്ള ഏതാനും നേട്ടങ്ങൾ ഇതാ…
1. മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കും
വിശുദ്ധഗ്രന്ഥത്തിൽ ക്ഷമയുടെ മാതൃക പകരുന്ന അനേകം സംഭവങ്ങൾ കാണാൻ കഴിയും. ഈ മാതൃകകളെ നമ്മുടെ ജീവിതത്തിലേക്ക് പകർത്തുവാൻ അനുദിനം ഉള്ള വിശുദ്ധഗ്രന്ഥ പാരായണം നമ്മെ സഹായിക്കും.
2. നമ്മുടെ കണ്ണുകൾ തുറക്കപ്പെടും
നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങൾ, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്നിവയാൽ നാം പലപ്പോഴും അസ്വസ്ഥരും ഉത്കണ്ഠാകുലരുമാണ്. ഭയത്തിന് വഴങ്ങിയാൽ അവ നമ്മെ കീഴടക്കും. സങ്കീർത്തനം പറയുന്നത് “സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു” (സങ്കീർത്തനം 123:1) എന്നാണ്. ഇതിന്റെ അർഥം എല്ലാം നൽകുവാൻ കഴിവുള്ള ദൈവത്തിലേക്ക് തിരിയുക എന്നതാണ്. അനുദിനമുള്ള ബൈബിൾ വായനയിലൂടെ ദൈവത്തിലേക്ക് അടുക്കുവാൻ നമുക്ക് കഴിയും.
3. കരുണയുള്ളവരാക്കി മാറ്റും
ദൈവത്തിന്റെ കരുണ ലഭിക്കുന്നതിന് നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു. നാം കരുണ കാണിക്കുമ്പോൾ ദൈവത്തെ തന്നെയാണ് നാം സംപ്രീതനാക്കുന്നതെന്ന തിരിച്ചറിവോടെ മുന്നേറുവാൻ വിശുദ്ധഗ്രന്ഥ വായനയിലൂടെ കഴിയും.
4. പ്രതിസന്ധികളിൽ കരുത്തു പകരും
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകും. ആ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി പതിവായുള്ള ബൈബിൾ വായനയിലൂടെ നമുക്ക് ലഭിക്കും. തന്നെയുമല്ല പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ ശക്തിപ്പെടുത്താൻ ദൈവം ഉചിതമായ വചന ഭാഗങ്ങളിലൂടെ നമ്മോട് സംസാരിക്കും.
5. നമ്മെ നവീകരിക്കുന്നു
നമ്മുടെ ജീവിതത്തിൽ വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്ന ഒന്നാണ് ബൈബിൾ വായന. ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്താനും അയാളെ മനസാന്തരപ്പെടുത്താനും തിരുവചനത്തിനു ശക്തിയുണ്ട്. പതിവായുള്ള ബൈബിൾ വായന ഒരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും.
6. ധൈര്യം ലഭിക്കുന്നു
നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള പേടികൾ ഉണ്ട്. മുന്നോട്ടുള്ള ജീവിതത്തിൽ നിന്നും നമ്മെ പിൻവലിക്കുന്ന പേടികൾ. ഇത്തരത്തിലുള്ള ഭയങ്ങളെ അതിജീവിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറാൻ അനുദിനം ഉള്ള തിരുവചന വായന നമ്മെ സഹായിക്കുന്നു. ഞാൻ ദൈവമകനാണ് / മകളാണ് എന്ന ചിന്ത ദൈവത്തിൽ കൂടുതൽ ആശ്രയിച്ചു മുന്നോട്ട് പോകുവാൻ നമ്മെ സഹായിക്കും.
7. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടും
പതിവായി വിശുദ്ധഗ്രന്ഥം വായിക്കുന്നതിലൂടെ നമ്മുടെ ജീവിതങ്ങളും ഉദ്യമങ്ങളും അനുഗ്രഹിക്കപ്പെടും. ദിവസവും അരമണിക്കൂറെങ്കിലും വിശുദ്ധ ഗ്രന്ഥപാരായണത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ദർശിക്കുവാൻ കഴിയും.




