ദൈവത്തിന്റെ വഴികൾ മനസ്സിലാക്കാൻ എളിമയും അനുസരണവും അത്യാവശ്യം: ലെയോ പാപ്പ

ദൈവത്തിന്റെ ചിന്തകളും വഴികളും മനസ്സിലാക്കാൻ എളിമയും അനുസരണവും ജീവിതത്തിൽ ചേർത്തുപിടിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിൽ നടന്ന ആഞ്ചെലൂസ് പ്രാർഥനാസന്ദേശത്തിനിടയിലാണ് മാർപാപ്പ വിശ്വാസികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ദൈവീകപദ്ധതികൾ പലപ്പോഴും മനുഷ്യന്റെ യുക്തിക്കും പ്രതീക്ഷകൾക്കും അപ്പുറമാണെന്നും, അത് ഉൾക്കൊള്ളാൻ താഴ്മയുള്ള ഹൃദയം ആവശ്യമാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ തിരുഹിതം സ്വന്തം ആഗ്രഹങ്ങൾക്കു വിരുദ്ധമായി അനുഭവപ്പെടുമ്പോൾ ദൈവവുമായുള്ള ആത്മബന്ധം കൂടുതൽ ശക്തമാക്കണമെന്നും നമ്മുടെ സംശയങ്ങളും ആകുലതകളും പ്രാർഥനയിലൂടെ ദൈവത്തിനു മുന്നിൽ തുറന്നുപറയണമെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്റെ പ്രവൃത്തികളെ വിധിച്ച് സംസാരിക്കാതെ, അവന്റെ അവിശ്വസനീയമായ സ്നേഹത്തെയും വെളിപാടുകളെയും താഴ്മയോടും അനുസരണയോടും കൂടി ഹൃദയത്തിൽ സ്വീകരിക്കുക എന്ന് ഓർമിപ്പിച്ച പാപ്പ, വിനയത്തോടെ ശ്രവിക്കുക എന്നത് വലിയ ഒരു ഗുണമാണെന്നും കൂട്ടിച്ചേർത്തു.

കർത്താവിന്റെ സന്ദേശങ്ങൾ നമ്മുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് തോന്നിയാലും, പത്രോസിനെപ്പോലെ സത്യസന്ധതയോടെ ദൈവത്തോട് സംസാരിക്കാനും അവന്റെ തിരുഹിതത്തിനു മുന്നിൽ കീഴടങ്ങാനും തക്കവണ്ണം വിശ്വാസജീവിതം രൂപപ്പെടുത്തണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.