സൊമാലിയയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് ലെയോ പാപ്പ

സൊമാലിയയിലെ മാനുഷിക പ്രതിസന്ധിയിൽ ലെയോ പതിനാലാമൻ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷമാണ് ലെയോ പതിനാലാമൻ പാപ്പ ആശങ്ക പ്രകടിപ്പിച്ചത്.

“സൊമാലിയയുടെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയെ കടുത്ത ആശങ്കയോടെയാണ് ഞാൻ വീക്ഷിക്കുന്നത്. അവിടെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളും കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളും ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതസാഹചര്യങ്ങളെ കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണ്,” മാർപാപ്പ പറഞ്ഞു.

സമീപ മാസങ്ങളിൽ വിവിധ ഐക്യരാഷ്ട്രസഭാ ഏജൻസികൾ സൊമാലിയയിലേക്കുള്ള മാനുഷിക സഹായങ്ങളിൽ വൻ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ഇതിനകം തന്നെ വെട്ടിച്ചുരുക്കിയ ബജറ്റിന്റെ മൂന്നിലൊന്ന് തുക മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോഓർഡിനേഷൻ ഓഫീസ് (OCHA) വ്യക്തമാക്കി.

യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമും ഭക്ഷണസഹായം വെട്ടിക്കുറച്ചു; 2026 ൽ സഹായം ലഭിക്കുന്ന ആളുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് ആറുലക്ഷമായി കുറഞ്ഞു. മേഖലയിലുടനീളം 2026 ലെ മഴയുടെ അളവ് ശരാശരിയേക്കാൾ വളരെ കുറവായിരുന്നു. തുടർന്ന് ജലസ്രോതസ്സുകൾ തേടി നിരവധി കുടുംബങ്ങൾ തങ്ങളുടെ കന്നുകാലികളുമായി പലായനം ചെയ്യുകയാണ്.

എഴുപതിലധികം ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയ മുദുഗ് (Mudug) മേഖലയിൽ പ്രാഥമിക ആരോഗ്യപരിചരണവും പോഷകാഹാരക്കുറവിനുള്ള ചികിത്സാസേവനങ്ങളും പുനഃസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കണമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF) സംഭാവന നൽകുന്നവരോട് അഭ്യർഥിച്ചു.

1991 ൽ മുഹമ്മദ് സിയാദ് ബാരെയുടെ ഭരണപതനത്തിനു ശേഷം സൊമാലിയ ആഭ്യന്തരസംഘർഷങ്ങൾ നേരിടുകയാണ്. കൂടാതെ, ഗ്രാമീണമേഖലകളിൽ ഇസ്ലാമിക് തീവ്രവാദികൾ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.