‘സമാധാനത്തിനായി സാങ്കേതികവിദ്യയെ ആയുധമുക്തമാക്കുക’: അറുപതാമത് ലോക സമാധാനദിന പ്രമേയം

2027 ജനുവരി ഒന്നിന് ആചരിക്കുന്ന അറുപതാമത് ലോക സമാധാനദിനത്തിന്റെ പ്രമേയം സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രഖ്യാപിച്ചു. ‘സാങ്കേതികവിദ്യയെ ആയുധമുക്തമാക്കുക, സമാധാനത്തെ സേവിക്കുക: മുൻകരുതൽ ഉത്തരവാദിത്തമായി രാഷ്ട്രീയം’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളവരുടെ ധാർമ്മിക ഉത്തരവാദിത്വത്തെ എടുത്തു കാണിക്കാനാണ് മാർപാപ്പ ആഗ്രഹിക്കുന്നത്. കൂടാതെ, സാങ്കേതികവിദ്യയെ ആയുധമുക്തമാക്കുന്നതിൽ തുടങ്ങി, ഓരോ വ്യക്തിയുടെയും അന്തസ്സ് പ്രോത്സാഹിപ്പിക്കാനും സമാധാനം വളർത്താനും ലെയോ പാപ്പ മാനവരാശിയെ പ്രോത്സാഹിപ്പിക്കുന്നു.

‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’ എന്ന ചാക്രിക ലേഖനത്തിലെ 198-ാം ഖണ്ഡികയിലെ ‘യുദ്ധത്തെ ധാർമ്മികമായി ന്യായീകരിക്കാൻ ശേഷിയുള്ള ഒരു അൽഗോരിതവും നിലവിലില്ല’ എന്ന പരാമർശം ചൂണ്ടിക്കാണിച്ചതോടൊപ്പം, സൈനിക തീരുമാനങ്ങളെടുക്കാൻ നിർമ്മിതബുദ്ധി (AI) ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകിക്കൊണ്ട് ലെയോ മാർപാപ്പ അന്താരാഷ്ട്ര സമൂഹത്തോട് സമാധാനത്തിനായി അഭ്യർഥിച്ചു. മനുഷ്യ ജീവനും ജനങ്ങൾക്കിടയിലെ സമാധാനപരമായ സഹവർത്തിത്വവും അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ മനുഷ്യന്റെ ഉത്തരവാദിത്തവും മാനുഷിക തത്വങ്ങളും സംരക്ഷിക്കാൻ ശേഷിയുള്ള പൊതു കരാറുകൾ വേണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

“സമാധാനത്തിനും മനുഷ്യകുടുംബത്തിന്റെ അന്തസ്സിനുമുള്ള സേവനം എന്ന നിലയിൽ സഭ കുറച്ചുകാലമായി ആണവ നിരോധനത്തിനായി നിലകൊള്ളുന്നുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സമാനമായ അർഥത്തിൽ, നിർമ്മിതബുദ്ധിയെയും ഇപ്പോൾ ആയുധമുക്തമാക്കേണ്ടതുണ്ട്. കാരണം, ആണവോർജം പോലെ, ഇതും എല്ലാവരെയും പൊതുനന്മയെയും സേവിക്കണം. കൂടാതെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒരിക്കലും മനഃസാക്ഷിയിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും വേർപെടുത്തരുത്” – പാപ്പ കൂട്ടിച്ചേർത്തു.

സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നവരും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരും – സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങൾ, സ്ഥാപനങ്ങളും വ്യക്തികളും, അധികാര കേന്ദ്രങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരും – എല്ലാവരും ഒന്നിച്ച് നിന്നാൽ മാത്രമേ ഏതാനും ചിലർക്ക് വേണ്ടിയല്ല, മറിച്ച് മുഴുവൻ മനുഷ്യകുടുംബത്തിനും വേണ്ടിയുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂവെന്നും പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.