
കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിനിടയിൽ സ്വന്തം ജീവൻ പണയം വച്ചും നവജാതശിശുക്കളുടെ ജീവൻ രക്ഷിച്ച ഡോക്ടർ രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നു. കൊളംബിയയിലെ അന്തിയോക്വ പ്രവിശ്യയിലെ അപാർതദോയിൽ പ്രവർത്തിക്കുന്ന ‘ക്ലിനിക്ക പാനഅമേരിക്കാന’യിലെ ശിശുരോഗ വിദഗ്ധനായ ഡോ. ജെർമാൻ സോമോയാർ ആണ് ദുരന്തമുഖത്തെ യഥാർഥ നായകനായത്.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. കെട്ടിടങ്ങൾ കുലുങ്ങിത്തുടങ്ങിയതോടെ ആശുപത്രിയിലെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടാൻ തുടങ്ങി. ഭൂകമ്പസമയത്ത് ആശുപത്രിയുടെ ആറാം നിലയിലായിരുന്ന ഡോ. സോമോയാർ, ഭയം മൂലം അനങ്ങാൻ കഴിയാതെ മുറികളിൽ കുടുങ്ങിപ്പോയ അമ്മമാരെ കാണുകയും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള അടിയന്തര പാത കാട്ടിക്കൊടുക്കുകയും ചെയ്തു.
അമ്മമാരെ സുരക്ഷിതരാക്കിയ ശേഷം അദ്ദേഹം നേരെ നിയോനേറ്റൽ (നവജാതശിശു) തീവ്രപരിചരണ വിഭാഗത്തിലേക്ക് ഓടിയെത്തി. തുടർന്ന് മറ്റ് മെഡിക്കൽ ജീവനക്കാരുടെ സഹായത്തോടെ ആറാം നിലയിൽ നിന്ന് കുഞ്ഞുങ്ങളെ കൈകളിലേന്തി അടിയന്തര ഒഴിപ്പിക്കൽ വഴിയിലൂടെ സുരക്ഷിതമായി താഴെയെത്തിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ തുടരുമ്പോഴും രണ്ട് നവജാതശിശുക്കളെ മാറോടണച്ചു നിൽക്കുന്ന ഡോ. സോമോയാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവരുകയും ചെയ്തു.
“ഭയം നിറഞ്ഞ ആ നിമിഷത്തിൽ കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സ് കാണിച്ച വഴി” എന്ന് ഡോ. സോമോയാർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തിയോക്വ ഗവർണർ ആന്ദ്രെസ് ജൂലിയൻ ഉൾപ്പെടെ പ്രമുഖരും ജനങ്ങളും ഡോക്ടറുടെ അസാമാന്യ ധീരതയെയും മാനുഷികമൂല്യത്തെയും പ്രശംസിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. വലിയൊരു ദുരന്തത്തിനിടയിലും പ്രത്യാശയുടെയും കരുണയുടെയും പ്രതീകമായി മാറിയിരിക്കുകയാണ് ഈ സംഭവം.




