
പെറുവിലെ മെത്രാന്മാർ സമ്മാനിച്ച പെക്ടറൽ കുരിശ് അണിഞ്ഞ് ലെയോ പതിനാലാമൻ മാർപാപ്പ. നവംബർ 18 ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുദർശനത്തിനിടെയാണ് മാർപാപ്പ ആദ്യമായി ഈ കുരിശ് ധരിച്ചെത്തിയത്. താൻ ഏറെക്കാലം മിഷനറിയായും മെത്രാനായും സേവനമനുഷ്ഠിച്ച പെറുവിനോടുള്ള സ്നേഹസൂചകമായാണ് പാപ്പ ഈ കുരിശ് അണിഞ്ഞത്.
പെറുവിലെ പ്രശസ്ത ജ്വല്ലറി സ്ഥാപനമായ ‘ഇലാരിയ’ ആണ് വെള്ളിയിലും മുത്തുച്ചിപ്പിയിലും ഈ കുരിശ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ബിയാട്രിസ് സിയാബട്ടിയാണ് ഇതിന്റെ ശില്പി. പെറുവിലെ സഭാചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിശുദ്ധരുടെ തിരുശേഷിപ്പുകൾ പ്രത്യേക വെള്ളി പേടകങ്ങളിലായി ഈ കുരിശിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.
കുരിശിന്റെ അഗ്രങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പേപ്പൽ മുദ്രയിലെ ചിഹ്നങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മറുവശത്ത് പാപ്പയുടെ ഔദ്യോഗിക മുദ്രയും പെറു സന്ദർശനത്തിന്റെ ആപ്തവാക്യമായ ‘നമുക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കാം’ എന്ന വാക്കുകളും കൊത്തിവച്ചിരിക്കുന്നു.
നവംബർ 12 -ന് ലിമയിലെ ആർച്ച് ബിഷപ്പ്സ് പാലസിൽ വച്ച് പെറുവിയൻ ബിഷപ്സ് കോൺഫറൻസാണ് ഈ കുരിശ് മാർപാപ്പയ്ക്ക് സമ്മാനിച്ചത്. 1985 -നും 2023 -നും ഇടയിലുള്ള കാലയളവിൽ ഏകദേശം 20 വർഷത്തോളം പെറുവിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മാർപാപ്പ തന്റെ 12 ദിവസത്തെ തെക്കേ അമേരിക്കൻ പര്യടനത്തിൽ ആറ് ദിവസവും പെറുവിലായിരുന്നു ചെലവഴിച്ചത്.




