
പെറുവിന്റെ പ്രസിഡന്റ് ജോസ് മരിയ ബാൽകാസർ സെലാഡയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും പ്രസിഡന്റ് ചർച്ചകൾ നടത്തി.
വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തികച്ചും സൗഹാർദപരമായിരുന്നു. വത്തിക്കാനും പെറുവും തമ്മിലുള്ള നല്ല ബന്ധത്തിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും ഈ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
സാമൂഹിക-സാമ്പത്തിക പുരോഗതി, അനധികൃത ഖനനം, പൊതുനന്മയും ചർച്ചകളും പ്രോത്സാഹിപ്പിക്കൽ, സാമൂഹിക ഐക്യം ഉറപ്പാക്കൽ തുടങ്ങി, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രത്യേകിച്ച് കുടിയേറ്റ പ്രശ്നങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, വിവിധ യുദ്ധങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു.




