
ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോ റിപ്പബ്ലിക്കിൽ ഇടയസന്ദർശനത്തിനായി എത്തി. ഉച്ചകഴിഞ്ഞ് ഇറ്റാലിയൻ നഗരമായ റിമിനിയിലും പാപ്പ സന്ദർശനം നടത്തും. പബ്ലിക് പാലസിൽ വച്ച് സാൻ മരീനോയിലെ സിവിൽ അധികാരികളുമായി പാപ്പ ആദ്യം കൂടിക്കാഴ്ച നടത്തുകയും, 1243 മുതൽ തുടരുന്ന പാരമ്പര്യമനുസരിച്ച് സംയുക്ത രാഷ്ട്രത്തലവന്മാരായ ‘ക്യാപ്റ്റൻസ് റീജന്റി’ന് നന്ദി അറിയിക്കുകയും ചെയ്തു.
1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2011-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും സന്ദർശിച്ചതിന്റെ പാത പിന്തുടർന്ന്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക് സന്ദർശിക്കാൻ സാധിച്ചതിൽ പാപ്പ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ‘ഏറ്റവും ശാന്തമായ റിപ്പബ്ലിക്’ എന്നറിയപ്പെടുന്ന സാൻ മരീനോ, അതിന്റെ ‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യത്തിൽ ഉറച്ചുനിൽക്കുന്നു. ഇത് രാജ്യത്തിന്റെ ചരിത്രത്തെയും ഭാവിയിലേക്കുള്ള പ്രതീക്ഷകളെയും സംഗ്രഹിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു.
സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നാൽ മനഃസാക്ഷിയെ സംരക്ഷിക്കുക എന്ന് പറഞ്ഞ പാപ്പ, രക്തസാക്ഷിത്വം വരിച്ച നിരവധി പുരുഷന്മാരെയും സ്ത്രീകളെയും അനുസ്മരിച്ചു. രാഷ്ട്രതന്ത്രജ്ഞരുടെയും രാഷ്ട്രീയക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ തോമസ് മോറിനെയും, സ്വന്തം മനഃസാക്ഷിയോടും ദൈവമക്കൾ എന്ന നിലയിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തോടും വിശ്വസ്തത പുലർത്തുന്ന നിരവധി ആളുകളെയും പാപ്പ ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്നത് ‘ആത്മസമർപ്പണം, കൂട്ടായ്മ, കണ്ടുമുട്ടൽ, സംഭാഷണം’ എന്നിവയിലൂടെയാണെന്നും അത് ത്രിത്വൈക ദൈവത്തിൽ നിന്നാണ് ഒഴുകിയെത്തുന്നതെന്നും പാപ്പ പറഞ്ഞു. സാൻ മരീനോയുടെ സ്ഥാപകരായ വിശുദ്ധ മരീനസ്, വിശുദ്ധ ലെയോ എന്നിവരെ പാപ്പ അനുസ്മരിച്ചു. അവരുടെ കഠിനാധ്വാനവും ബുദ്ധിവൈഭവവും ഇന്നും അവിടുത്തെ ജനങ്ങളിൽ ജീവിക്കുന്നുണ്ടെന്ന് പാപ്പ കൂട്ടിച്ചേർത്തു.




