
വാർധക്യത്തിലേക്ക് കടക്കുമ്പോൾ പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റപ്പെടലും, തങ്ങൾ ആർക്കും വേണ്ടാത്തവരായി മാറി എന്ന തോന്നലുമാണ്. ഇത് പലപ്പോഴും പ്രായമായവരിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അവർ നേരിടുന്ന ഒറ്റപ്പെടലും സങ്കടങ്ങളുമാണ് പലപ്പോഴും ദേഷ്യമായും വാശിയായും അവരുടെ സ്വഭാവത്തിൽ കടന്നുവരുന്നത്. എന്നാൽ, നമ്മുടെ ദിനചര്യയിൽ വരുത്തുന്ന ലളിതമായ ഒരു മാറ്റത്തിലൂടെ അവരുടെ ജീവിതത്തിൽ വലിയ സന്തോഷവും സംതൃപ്തിയും നിറയ്ക്കാൻ സാധിക്കും. ആ മാറ്റം എന്താണെന്ന് നോക്കാം.
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ‘ദിവസേന അല്ലെങ്കിൽ ആഴ്ചയിൽ കൃത്യമായ സമയം മാറ്റിവച്ചുകൊണ്ട് അവരോട് ശ്രദ്ധയോടെ സംസാരിക്കുക’ എന്നതാണ് ഏറ്റവും പ്രധാനമായതും എന്നാൽ വളരെ ലളിതമായതുമായ മാറ്റം. അവരോടൊപ്പമായിരുന്നുകൊണ്ട് അവർ പറയുന്നത് കേൾക്കാൻ കുടുംബത്തിലുള്ള മറ്റുള്ളവർ തയ്യാറാകുമ്പോൾ തങ്ങളും ഈ കുടുംബത്തിൽ വേണ്ടപ്പെട്ടവരാണ് എന്ന തോന്നൽ പ്രായമായവരിൽ ഉണ്ടാകും. അത് അവരുടെ ആത്മവീര്യം വീണ്ടെടുക്കാൻ സഹായകമാകും.
ഇനി പ്രധാനപ്പെട്ട ഒരു കാര്യം നാം അവരുടെ അടുത്ത് എങ്ങനെ ആയിരിക്കുന്നു എന്നതാണ്. വെറുമൊരു കടമയായി കണ്ട് വർത്തമാനം പറയുന്നതിന് പകരം, അവരുടെ അനുഭവങ്ങളും കഥകളും പറയുന്നത് പൂർണ്ണമായി ശ്രദ്ധിക്കുകയും (Active Listening), കുടുംബത്തിലെ ചെറിയ തീരുമാനങ്ങളിൽ പോലും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും വേണം. പ്രായമായവർ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ചോ അനുഭവങ്ങളെക്കുറിച്ചോ പറയുമ്പോൾ നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാറ്റിവയ്ക്കണം. ഉദാഹരണം ഫോണിൽ നോക്കികൊണ്ടിരിക്കുകയാണെങ്കിൽ അത് അല്പനേരത്തേക്കു മാറ്റി വയ്ക്കുമ്പോൾ തങ്ങളും പരിഗണിക്കപ്പെടുന്നു അല്ലെങ്കിൽ വിലമതിക്കപ്പെടുന്നു എന്ന തോന്നൽ പ്രായമായവരിൽ ഉണ്ടാകും. അത് അവരിൽ സന്തോഷം നിറയ്ക്കുന്നതിനു കാരണമാകും.
ഇത് കൂടാതെ ഒരുമിച്ച് ചായ കുടിക്കുക, ഇടക്ക് നടക്കാൻ കൊണ്ടുപോകുക അല്ലെങ്കിൽ അവരോടൊപ്പം പഴയൊരു ചിത്രം കാണുക തുടങ്ങിയ ലളിതമായ അനുഭവങ്ങൾ അവർക്കായി ഒരുക്കുമ്പോൾ വാർധക്യം എന്നത് അമൂല്യമായ ഒരു കാലഘട്ടമായി അവർക്കും ഒപ്പം കുടുംബത്തിനും മാറും. വാർദ്ധക്യത്തിൽ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക സന്തോഷവും. നാം നൽകുന്ന ചെറിയ പരിഗണനകളും സമയവുമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്മാനം. നമ്മുടെ തിരക്കുകൾക്കിടയിലും മുതിർന്നവർക്കായി മാറ്റിവയ്ക്കുന്ന ഓരോ മിനിറ്റും അവരുടെ ജീവിതത്തിൽ വലിയ വെളിച്ചം നിറയ്ക്കും.




