ലത്തീൻ ആഗസ്റ്റ് 23 മത്തായി 16: 13-20 ആത്മീയ സിംഹാസനം

“നരകവാതിലുകൾ അതിനെതിരെ ശക്തിപ്പെടുകയില്ല…” (വാക്യം 18).

മിശിഹായുടെ മൗതീകശരീരമായ തിരുസഭയുടെ ദൃശ്യരൂപത്തിന്റെ അഥവാ അധികാരനിയുക്തമായ സ്ഥാപനസഭയുടെ (Institutional Church) ഭരണകര്‍തൃത്വം ക്രിസ്തു ഏൽപിച്ചത് പത്രോസിനെയും അവന്റെ പിൻഗാമികളായ മാർപാപ്പമാരെയുമാണ്. മാർപാപ്പമാരിൽ ചിലര്‍ വളരെ മഹത്തായ ശുശ്രൂഷ നിർവഹിച്ചുവെങ്കിൽ, ചിലർ ദുര്‍ബലമായ നേതൃത്വവും മറ്റുചിലർ ദൗര്‍ഭാഗ്യകരമായ ദുർമാതൃകകളുമായി മാറി. ചിലർ മുതലാളിത്ത സ്വഭാവമുള്ളവരും ചിലർ സര്‍വാധിപതികളും ചിലർ സുഖലോലുപരുമായി മാറി. മാർപാപ്പമാരുടെ വഞ്ചനാത്മകമായ പ്രവൃത്തികൾ മൂലം സഭയുടെ തകർച്ച ചിലർ പ്രവചിച്ചു. നരകവാതിലുകൾ സഭയ്‌ക്കെതിരെ പ്രബലപ്പെടുന്ന സംഭവങ്ങൾ സഭയ്ക്കു പുറത്തു നിന്നും ശീശ്മകളുടെയും മതപീഡനത്തിന്റെയും രൂപത്തിലും സഭാനേതൃത്വത്തിലൂടെ പോലും സംഭവങ്ങളുണ്ടായെങ്കിലും സഭ തകര്‍ന്നുപോയില്ല.

മാർപാപ്പയുടെ ശുശ്രൂഷാധികാരവും വ്യക്തിയും തമ്മിൽ വ്യത്യസ്തമായി കാണണം. മാർപാപ്പായുടെ വ്യക്തിത്വത്തിന് കുറവുകൾ സംഭവിച്ചാൽതന്നെയും ക്രിസ്തുവിനാൽ മാർപാപ്പയ്ക്ക് നൽകപ്പെട്ട ശുശ്രൂഷാധികാരം ദൈവത്താൽ നിയന്ത്രിക്കപ്പെടുന്നതായതിനാൽ നരകവാതിലുകൾക്ക് അതിനെതിരെ പ്രബലപ്പെടാനാകില്ല!

സ്വർഗവാതിലുകളാൽ സംരക്ഷിക്കപ്പെടുന്ന പത്രോസിന്റെ സിംഹാസനം (സഭയും) സിംഹാസനസ്ഥരുടെ കുറവുകൾക്കിടയിൽ പോലും ലോകത്തിന്റെ ആത്മീയ-ധാർമ്മിക ഊര്‍ജസ്രോതസ്സായി നിലകൊള്ളുമെന്നത് ചരിത്രസത്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.