ആഗസ്റ്റ് 23: ലീമായിലെ വി. റോസ്

പെറുവിന്റെ തലസ്ഥാനമായ ലീമായില്‍ 1586-ല്‍ റോസ് ജനിച്ചു. ഇസബെല്ലാ എന്നായിരുന്നു അവളുടെ ജ്ഞാനസ്‌നാന നാമം. എന്നാൽ, ശൈശവകാലത്തെ അവളുടെ സൗന്ദര്യം നിമിത്തം പനിനീര്‍പുഷ്പം എന്ന് അർഥം വരുന്ന ‘റോസ്’ എന്നാണ് എല്ലാവരും അവളെ വിളിച്ചിരുന്നത്. പില്‍ക്കാലത്ത് വിശുദ്ധ ഈ പേരില്‍ത്തന്നെയാണ് അറിയപ്പെടുകയും ചെയ്തത്.

ബാല്യം മുതല്‍തന്നെ റോസ് പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ശിശുവായിരുന്ന കാലത്ത്, കഠിനവേദന ഉളവാക്കുന്ന ഒരു ശസ്ത്രക്രിയയ്ക്ക് അവള്‍ വിധേയയായി. എന്നാല്‍ കണ്ടുനിന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട്, നിശ്ശബ്ദമായി അവള്‍ ആ വേദന സഹിച്ചു. ക്രിസ്തുവിനുവേണ്ടി പീഡകള്‍ സഹിക്കാന്‍ അവള്‍ അത്യധികം ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു.

അതിസുന്ദരിയായിരുന്ന റോസിന്റെ സൗന്ദര്യത്തെപ്പറ്റി ആരെങ്കിലും സംസാരിക്കുന്നത് അവളില്‍ ഭയമുളവാക്കി. അതിനാല്‍ അവൾ തന്റെ നീണ്ടമുടി മുറിച്ചുകളയുകയും എവിടേക്കെങ്കിലും യാത്ര പോകേണ്ടിവരുമ്പോള്‍ കുരുമുളകുപൊടി തേച്ച് മുഖം വിരൂപമാക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു യുവാവ് റോസിന്റെ കരങ്ങളുടെ മൃദുലതയെക്കുറിച്ച് പറയുന്നതുകേട്ട് അവള്‍ ഓടിച്ചെന്ന് കൈ ചൂടുള്ള കുമ്മായത്തില്‍ താഴ്ത്തി. തന്റെ സൗന്ദര്യം ഒരിക്കലും മറ്റുള്ളവരില്‍ പരീക്ഷണമുണ്ടാക്കരുതെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു.

മാതാപിതാക്കളുടെ ദരിദ്രാവസ്ഥ മനസ്സിലാക്കിയ റോസ് നന്നേ ചെറുപ്പത്തില്‍ത്തന്നെ അടുത്ത വീടുകളില്‍ കൂലിവേല ചെയ്യുകയും തയ്യല്‍പ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കഠിനമായ ഉപവാസവും തപക്രിയകളുമാണ് റോസ് അനുഷ്ഠിച്ചിരുന്നത്. അവൾ, തന്റെ ഉടുപ്പിനുള്ളില്‍ ഇരുമ്പാണികള്‍ തറച്ചിരുന്ന ഒരു ചട്ട ധരിച്ചിരുന്നു. കൂടാതെ, തൊണ്ണൂറു മുനകളുള്ള ഒരു മുടിയും ശിരോവസ്ത്രത്തിനടിയിലായി അവൾ ധരിച്ചിരുന്നു.

ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി ചേര്‍ന്ന റോസ്, തന്റെ ഉദ്യാനത്തില്‍ നിര്‍മ്മിച്ച ചെറിയ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. നിരവധിയായ രോഗങ്ങളും പീഡനങ്ങളും അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം അവള്‍ ഇപ്രകാരം പറഞ്ഞിരുന്നു: “കര്‍ത്താവേ, എന്റെ സഹനങ്ങള്‍ വര്‍ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും.”

1617 ആഗസ്റ്റ് 24-ാം തീയതി തന്റെ 31-ാമത്തെ വയസ്സില്‍ ആ സുന്ദരപുഷ്പം സ്വര്‍ഗീയോദ്യാനത്തിലേക്ക് പറിച്ചുനടപ്പെട്ടു. അമേരിക്കയില്‍ നിന്നുള്ള ആദ്യ വിശുദ്ധയാണ് റോസ്.

വിചിന്തനം: ”ദൈവമേ, അങ്ങയെ സ്‌നേഹിക്കാനും സ്വന്തമാക്കാനുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എന്റെ ഹൃദയം അതിനോടുതന്നെയോ, സൃഷ്ടികളോടോ പറ്റിപ്പിടിച്ചിരിക്കാന്‍ അങ്ങ് അനുവദിക്കരുതേ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

2 COMMENTS

  1. അനുദിന വിശുദ്ധരെ വിശ്വാസികൾക്ക് പരിചയപ്പെടുത്തുന്ന അച്ചന് ഒരു മില്യൺ ദൈവാനുഗ്രഹം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.