സീറോ മലങ്കര ആഗസ്റ്റ് 23 ലൂക്കാ 18: 9-14 ഫരിസേയനും ചുങ്കക്കാരനും

യേശു പറഞ്ഞ പ്രസിദ്ധമായ ഈ ഉപമ, മനുഷ്യൻ ചെയ്യുന്ന ഒരു പ്രവൃത്തിയിലെ നന്മതിന്മകൾ തിരിച്ചറിയുന്നതിന് ദൈവത്തിന്റ മാനദണ്ഡവും മനുഷ്യന്റെ മാനദണ്ഡവും തമ്മിലുള്ള വൈരുധ്യം എടുത്തുകാണിക്കുന്നു. ഇവിടെ സമൂഹത്തിലെ മിക്കവാറും എല്ലാവരും നല്ലവനെന്നു കരുതുന്ന ഒരു മനുഷ്യൻ പ്രാർഥനയുടെ അന്ത്യത്തിൽ നീതീകരണം പ്രാപിക്കാതെ തിരികെപ്പോവുകയും, സമൂഹത്തിൽ വിലയും നിലയുമില്ലാത്ത, കൊള്ളരുതാത്തവൻ എന്ന് മുദ്രകുത്തപ്പെട്ടവൻ നല്ലവനാകുകയും ചെയ്യുന്ന വലിയ വൈരുധ്യം! ഫരിസേയന്റെ പ്രാർഥന ഒരു ആചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന അനുഷ്ഠാനമായി ആത്മപ്രശംസയുടെ തലത്തിലേക്കു താഴുന്നു. ദൈവാലയത്തിൽ അൾത്താരയോട് അടുത്തുനില്‍ക്കാന്‍ സാധിക്കുന്നെങ്കിലും അയാൾ ദൈവത്തിൽ നിന്നും ഒരുപാട് അകലെയായിരുന്നു. എല്ലാത്തരത്തിലുമുള്ള അശുദ്ധിയിൽ നിന്നും ബാഹ്യമായി അകന്നിരിക്കാൻ പരിശ്രമിക്കുന്ന ഫരിസേയൻ, വിശുദ്ധിയായ ദൈവത്തോട് അടുത്തിരിക്കാൻ പരാജയപ്പെടുന്നു. ദൈവത്തോട് പ്രാർഥിക്കുന്നതിനു പകരം അയാൾ ദൈവാലയത്തിലെത്തി തന്നോടുതന്നെ പ്രാർഥിച്ചു മടങ്ങുന്നു.

ചുങ്കക്കാരൻ പാപിയായതുകൊണ്ടല്ല അനുഗ്രഹം പ്രാപിച്ച് തിരികെപ്പോയത്. അയാളുടെ തകർന്ന ഹൃദയവും തന്റെ ജീവിതാവസ്ഥയെക്കുറിച്ചുള്ള അവബോധവും ദൈവത്തിനല്ലാതെ മറ്റാർക്കും തന്നെ രക്ഷിക്കാൻ കഴിയില്ല എന്ന ചിന്തയും പ്രാർഥനയുടെ രൂപത്തിൽ സ്വർഗത്തിലെത്തുന്നു. മാറിനിന്ന് മാറത്തടിച്ചു നിലവിളിച്ച ചുങ്കക്കാരനെ ദൈവം തന്നോട് ചേർത്തുപിടിക്കുന്നു. ബലിയർപ്പിക്കാൻ ദീർഘയാത്ര ചെയ്ത് ബലിവസ്തുവും തോളിലേറ്റി വരുന്ന തീർഥാടകന്റെ ചുമലിൽ നിന്നും ഭാരം ഇറക്കിവച്ച് അവനോടൊപ്പം പ്രാർഥിക്കുന്ന പുരോഹിതനെപ്പോലെ, ഈ ചുങ്കക്കാരന്റെ ഹൃദയഭാരം ദൈവം നേരിട്ട് ഇറങ്ങിവന്ന് എടുത്തുകൊണ്ടു പോകുന്നു. അങ്ങനെ ദൈവത്തിൽ നിന്നും ഒരുപാട് അകലയാണെന്നു ചിന്തിച്ച ചുങ്കക്കാരൻ ദൈവത്തിന്റെ അടുത്ത ആളാകുന്നു.

ദിവസവും ഒരുപാട് പ്രാർഥിക്കുന്ന നമുക്ക് വലിയൊരു വെല്ലുവിളിയാണ് ഈ വേദഭാഗം നൽകിയിരിക്കുന്നത്. പ്രധാനമായും ചുങ്കക്കാരന്റെ ഈ പ്രാർഥനയെ മാതൃകയാക്കിക്കൊണ്ട് ഈജിപ്തിൽ മരുഭൂമിയിലെ സന്ന്യാസികളുടെ ഇടയിൽ ഉടലെടുത്ത ഒരു പ്രാർഥനയാണ് ‘യേശു പ്രാർഥന.’ “ദൈവപുത്രനായ കർത്താവായ യേശുവേ, പാപിയായ എന്നിൽ കരുണയായിരിക്കണമേ” എന്ന് നിരന്തരം പ്രാർഥിച്ച് ലോകത്തിൽ നിന്നും മാറിനിന്ന് ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിക്കാൻ അവർ പരിശ്രമിച്ചു. ഹൃദയത്തിൽ ഒരുപാട് ഭാരം പേറി നടക്കുന്നവരാണ് നാമെല്ലാം. നമ്മെ നീതികരിക്കാനോ, മറ്റുള്ളവരെ പഴിക്കാനോ ഒന്നും ഒരുമ്പെടാതെ നമുക്ക് ദൈവത്തിന്റെ പാദാന്തികത്തിലിരുന്ന് പ്രാർഥിച്ച് നമ്മുടെ ജീവിതവ്യഥകളെ ഏറ്റെടുക്കണമേയെന്ന് അവിടുത്തോട് അപേക്ഷിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.