ക്രിസ്തു എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു: പെസഹാ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ

കർത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ കാലുകഴുകൾ ശുശ്രൂഷ നിർവഹിച്ച റോമിലെ റെബിബിയ വനിതാ ജയിലിലെ തടവുകാർക്ക് നൽകിയ സന്ദേശത്തിൽ ആണ് ഇപ്രകാരം ഓർമിപ്പിച്ചത്.

പെനിറ്റൻഷ്യറി സെൻ്ററുകളിൽ അന്ത്യത്താഴത്തിൻ്റെ കുർബാന ആഘോഷിക്കുന്ന പാരമ്പര്യം പിന്തുടർന്ന പാപ്പാ ഈ വർഷം തന്റെ പെസഹാ തിരുക്കർമ്മങ്ങൾ ആചരിച്ചത് റെബിബിയ വനിതാ ജയിലിളിൽ ആയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 360 പേർ ഇവിടെ ശിക്ഷ അനുഭവിക്കുന്നു.

വചനഭാഗം വായിച്ചതിനു ശേഷം ക്രിസ്തു പകർന്ന സേവനത്തിൻ്റെ മാതൃക നമ്മിൽ വളരാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം എന്ന് തടവുകാരോട് പാപ്പാ ആഹ്വാനം ചെയ്‌തു. “മറ്റൊരു ദുഃഖകരമായ ഘടകം സ്നേഹം നിറവേറ്റാൻ കഴിവില്ലാത്ത യൂദാസിൻ്റെ വഞ്ചനയാണ്. പണം, സ്വാർത്ഥത എന്നിവ അവനെ ക്രിസ്തുവിനെ കൈമാറാൻ പ്രേരിപ്പിച്ചു. എന്നാൽ ക്രിസ്തു അതെല്ലാം ക്ഷമിച്ചു. അതുപോലെ നാമും ക്ഷമിക്കുന്നവരാകണം എന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ഇന്ന് നമുക്ക് തളർന്നുപോകാതിരിക്കാനുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കാം. നമ്മിൽ എപ്പോഴും ചെറുതും വലുതുമായ തെറ്റുകൾ ഉണ്ട്. ഓരോരുത്തർക്കും അവരുടേതായ കഥയുണ്ട്. എന്നാൽ കർത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു, അവൻ ഒരിക്കലും ക്ഷമിക്കുന്നതിൽ തളരില്ല.” പാപ്പാ പറഞ്ഞു.

പ്രഭാഷണത്തിനുശേഷം, ഇറ്റലി, ബൾഗേറിയ, നൈജീരിയ, ഉക്രൈൻ, റഷ്യ, പെറു, വെനസ്വേല, ബോസ്നിയ തുടങ്ങി 40 നും 50 നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്തേവാസികളുടെ പാദങ്ങൾ മാർപ്പാപ്പ കഴുകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.