കൃതജ്ഞത ഉണർത്തുന്ന സന്തോഷകരമായ സമ്മാനമാണ് കുടുംബം: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ കുടുംബ അസോസിയേഷനുകളുടെ ഫോറത്തെ ഡിസംബർ രണ്ടാം തീയതി വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഈ ഫോറം ചെയ്യുന്ന പ്രവർത്തനങ്ങളെ അനുമോദിച്ചു. എല്ലാ കുടുംബങ്ങളിലും ഉയർച്ചതാഴ്ചകളുടെ നിമിഷങ്ങളും, സന്തോഷദുഖഃങ്ങളും ഇടകലർന്ന ഒരു ജീവിതമാണ് ഉണ്ടാകുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ അവയിലൂടെയെല്ലാം കടന്നുപോകുമ്പോഴും കുടുംബമായിരിക്കുക എന്നതിനെ ഒരു ദാനമായി കാണുന്നതിലൂടെ ഉയർന്നുവരുന്ന നന്ദിയുടെ വികാരത്തിൽ നിന്നും ഉളവാകുന്ന ഒരു സന്തോഷമുണ്ടെന്നത് പാപ്പാ എടുത്തുപറഞ്ഞു.

പൊതുവായ നന്മ ലക്ഷ്യമാക്കി, വ്യക്തിതാല്പര്യങ്ങൾ ഒഴിവാക്കി, സംവാദങ്ങളുടെ മാർഗ്ഗത്തിലൂടെ, സഭയുടെ സാമൂഹികപ്രവർത്തനങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കി കുടുംബങ്ങൾക്കു വേണ്ടിയും കുടുംബങ്ങൾക്കൊപ്പവും ഒരു നല്ല നയം പ്രോത്സാഹിപ്പിച്ചെടുക്കുന്നതിനായി ഈ ഫോറം പരിശ്രമിക്കുന്നുണ്ട് എന്നതും താൻ തിരിച്ചറിയുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഒരു ക്രൈസ്തവകുടുംബത്തിന് ഒരിക്കലും സ്വന്തം സന്തോഷത്തിൽ മാത്രം ഒതുങ്ങിക്കൂടാൻ പറ്റില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ചു കൂടി കരുതലുള്ളവരാകണം സ്നേഹത്തിൽ അധിഷ്ഠിതമായ ഓരോ കുടുംബങ്ങളുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. തുറന്ന മനസ്സോടെയും മറ്റുള്ളവരോടുള്ള ഐക്യദാർഢ്യത്തോടെയുമാണ് ഓരോ കുടുംബങ്ങളും ജീവിക്കേണ്ടത്. ഇത് സ്വന്തം അയല്പക്കത്തെ ആളുകളോടു മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും ആളുകളോടു പോലും ഉണ്ടാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബം എന്നത് സാഹോദര്യത്തിന്റെയും സാമൂഹ്യസൗഹൃദത്തിന്റെയും ഒരിടമായിരിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ മിഷനറി മാസികകൾ മറ്റു രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും വാർത്തകൾ നമ്മുടെ കുടുംബങ്ങളിലേക്ക് കൊണ്ടുവന്നിരുന്നു എന്ന കാര്യം അനുസ്മരിച്ച പാപ്പാ, ഈ തുറന്ന മനസ് കത്തോലിക്കാ സഭക്ക് അതിന്റെ സ്വഭാവത്താൽ തന്നെയുള്ളതാണെന്ന് വിശദീകരിച്ചു.

ഇറ്റലിയിലെ കുടുംബങ്ങൾ നിലവിലെ സാമൂഹ്യസ്ഥിതിയാൽ ചൂഷണം ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനും, കുടുംബങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനുള്ള കുടുംബകൂട്ടായ്മകളുടെ ഫോറത്തിന്റെ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. കുടുംബങ്ങളിൽ പ്രാർത്ഥനയുടെയും സംവാദങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും ആവശ്യകതയെപ്പറ്റിയും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.