ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ പ്രസിദ്ധീകരിച്ചു

അന്തരിച്ച ഫ്രാൻസിസ് പാപ്പായുടെ വ്യക്തിപരവും ആത്മീയവുമായ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച വത്തിക്കാനിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും അടുത്ത സഹായികളിലൊരാളും, വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ അർജന്റീനൻ ദൈവശാസ്ത്രജ്ഞൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആണ് സമാഹരിച്ചിരിക്കുന്നത്.

ഫ്രാൻസിസ് പാപ്പ, മാർപ്പാപ്പ ആകുന്നതിനു മുൻപ് ബ്യൂണസ് അയേഴ്സിലെ സഹായ മെത്രാനായിരുന്ന 1992-ലാണ് ഈ ഡയറിക്കുറിപ്പ് ആരംഭിക്കുന്നത്. അന്നുമുതൽ, മാർപാപ്പയായിരുന്ന കാലത്തടക്കം അദ്ദേഹം നേരിട്ട നിരവധി ആത്മീയ പ്രതിസന്ധികളും സാത്താനെ നേരിട്ട അനുഭവങ്ങളും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 18-നാണ് ഇതിലെ അവസാനത്തെ കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

താൻ അനുഭവിച്ച ആത്മീയ സംഘർഷങ്ങളെക്കുറിച്ചും പിശാചിനെ നേരിൽ കണ്ടുവെന്ന് വിശേഷിപ്പിച്ച അനുഭവങ്ങളെക്കുറിച്ചുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലെ ഏറ്റവും പ്രധാന ഭാഗം. വളരെ വ്യക്തവും, യഥാർത്ഥത്തിൽ സംഭവിച്ചതുപോലെ തോന്നിക്കുന്നതും, പേടിപ്പിക്കുന്നതുമായ അനുഭവങ്ങളായിരുന്നു അവ. ഇതിൽ രണ്ടെണ്ണം അദ്ദേഹം ബ്യൂണസ് അയേഴ്സിൽ ആയിരുന്നപ്പോഴും, മൂന്നാമത്തേത് 2018-ൽ വലിയ വിവാദമായ ചിലി സന്ദർശനത്തിന് ശേഷവുമാണ് ഉണ്ടായത്.

“റോമിൽ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ ഒരു യോഗത്തിലായിരുന്നു. ഞാൻ അവനെ കണ്ടു, എല്ലാം കീഴടക്കിയ വിജയഭാവത്തിലുള്ള അവന്റെ ശബ്ദം കേട്ടു. ‘ഇപ്പോൾ എനിക്ക് വേണ്ടതെല്ലാം ഞാൻ നേടിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞു,” 2021 ജനുവരി 24-ലെ കുറിപ്പിൽ പാപ്പ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരം ആയിരുന്നു. മുൻപുണ്ടായ അനുഭവങ്ങളിൽ പിശാചിന്റെ കണ്ണുകളും ആ പരുക്കൻ ശബ്ദവും തനിക്കു മറക്കാൻ കഴിയില്ല എന്നും പാപ്പ വെളിപ്പെടുത്തിയതായി പുസ്തകം വ്യക്തമാക്കുന്നു.

ഒപ്പം ചിലിയിലെ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പ നേരിട്ട അനുഭവങ്ങളും മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിൽ അനുഭവപ്പെട്ട വേദനകളും പുസ്തകത്തിൽ എടുത്തുപറയുന്നു. ചിലിയിലെ സംഭവങ്ങൾക്കു ശേഷം താൻ നരകകവാടം കണ്ടു എന്നും പ്രലോഭനങ്ങൾ ശക്തമായിരുന്നു എന്നും പാപ്പ കുറിച്ചിരുന്നു. എന്നാൽ 2021 വരെ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയ പ്രതിസന്ധി ആരംഭിച്ചിരുന്നില്ല എന്നും 2021 ജനുവരി 24-നാണ് ഈ പ്രതിസന്ധി തുടങ്ങിയതെന്നും പുസ്തകം രേഖപ്പെടുത്തുന്നു. പാപ്പായുടെ ശാരീരികമായ അവശതകളും സഹനങ്ങളുടെ ആഴവും വ്യക്തമാക്കുന്ന കുറിപ്പുകളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസിസ് മാർപാപ്പയുടെ ഉള്ളിലെ ചിന്തകൾ ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ടെങ്കിലും, ഏറ്റവും രഹസ്യാത്മകമായ കാര്യങ്ങൾ ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത ഒരു പ്രത്യേക കോഡ് ഭാഷയിലാണ് അദ്ദേഹം എഴുതിയിരുന്നതെന്ന് കർദ്ദിനാൾ ഫെർണാണ്ടസ് പറയുന്നു. അവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സഭാകാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡയറിയിൽ തീരെ കുറവാണെന്നും, ഇതൊരു യഥാർത്ഥ ആത്മീയ ശേഖരമാണെന്നും അദ്ദേഹം എഴുതുന്നു. ഒപ്പം അന്ന് കർദ്ദിനാളായിരുന്ന റോബർട്ട് പ്രെവോസ്റ്റിനെ – ഇപ്പോഴത്തെ ലെയോ പതിനാലാമൻ മാർപാപ്പയെ മികച്ചൊരു ഇടയൻ, ഉദാരമതിയായ മിഷനറി, കുറ്റമറ്റ വ്യക്തി എന്ന് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിരുന്നതായി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു എന്നും കർദ്ദിനാൾ ഫെർണാണ്ടസ് വ്യക്തമാക്കുന്നു.

മാർപാപ്പമാരുടെ ഉള്ളിലെ ആത്മീയ ചിന്തകൾ അവരുടെ മരണശേഷം പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായി അല്ല. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ആത്മകഥയായ ‘ജേണൽ ഓഫ് എ സോൾ’ (Journal of a Soul) 1960-ൽ അദ്ദേഹത്തിന്റെ സെക്രട്ടറിയാണ് പ്രസിദ്ധീകരിച്ചത്. തന്റെ മരണശേഷം സ്വകാര്യ കുറിപ്പുകൾ കത്തിച്ചുകളയണമെന്നായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആഗ്രഹിച്ചിരുന്നത്; എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി സെക്രട്ടറി 2014-ൽ ആ എഴുത്തുകൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.