മരിയഭക്തി സാമൂഹികസൗഹൃദവും സാർവത്രികസാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

നമ്മെ തനിച്ചാക്കാതെ, പരിപാലിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ഒരു അമ്മയെ തന്ന ദൈവത്തിന്റെ സാമീപ്യവും ആർദ്രതയുമാണ് പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം അനുസ്മരിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജപമാലമാതാവിന്റെ തിരുനാൾദിവസമായ ഒക്ടോബർ ഏഴാം തീയതി രാവിലെ 800 -ാം സ്ഥാപകവാർഷികം ആഘോഷിക്കുന്ന സ്പെയിനിലെ മോൺസെറാത്ത് ഔവർ ലേഡിയുടെ ആശ്രമാംഗങ്ങളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം പറഞ്ഞത്.

ഗലീലിയിലെ കാനായിലെന്നപോലെ ശാന്തതയോടും മാധുര്യത്തോടുംകൂടി മറിയം തന്റെ ഓരോ മക്കളോടും ഹൃദയത്തിന്റെ ആഴങ്ങളിൽ പറയുന്നത് നമുക്ക് സങ്കല്പിക്കാൻ കഴിയും: “യേശു നിങ്ങളോട് പറയുന്നതെന്തും ചെയ്യുക” (യോഹ. 2:5). ഇതാണ് സാധാരണ മരിയൻ ആംഗ്യമെന്നും, ഓരോ പ്രാർഥനയ്ക്കും അവൾ നൽകുന്ന ചൂണ്ടുപലക ഇതാണെന്നും പാപ്പാ പറഞ്ഞു.

ജനകീയഭക്തിയുടെ സുവിശേഷവൽക്കരണശക്തി ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങൾ വളരുന്നതിനും ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരുണത്തിൽ എപ്പോഴും നമുക്ക് സഹായം പ്രദാനംചെയുന്ന പരിശുദ്ധ അമ്മയോടുള്ള മരിയഭക്തി ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.

മോൺസെറാത്തിലെ ഈ 800 വർഷത്തെ സാന്നിധ്യത്തിൽ പരിശുദ്ധ അമ്മയുടെ സഹായംതേടി കടന്നുവന്ന തീർഥാടകരെയും പാപ്പാ ഓർമ്മിച്ചു. അമ്മയോട്, ജപമാലകൾ ഉരുവിട്ടുകൊണ്ട് വിനയത്തോടെയും ലളിതമായും മറ്റുള്ളവർക്കുവേണ്ടി മാധ്യസ്ഥ്യംതേടി പ്രാർഥിക്കാൻ എത്രയോ ആളുകളാണ് എത്തുന്നത് – പാപ്പാ അടിവരയിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.