വിശുദ്ധനാട്ടിലെ വിശ്വാസികൾക്ക് ആശ്വാസം പകർന്ന് ഫ്രാൻസിസ് പാപ്പ

ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന വിശുദ്ധനാട്ടിലെ വിശ്വാസികൾക്ക് പിതാവിനടുത്ത വാത്സല്യത്തോടെ കത്തയച്ച്  ഫ്രാൻസിസ് പാപ്പ. കത്തിലൂടെ പരിശുദ്ധ പിതാവ് തന്റെ പ്രാർഥനയും സാമീപ്യവും വിശുദ്ധനാട്ടിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്‌തു. യേശുവിന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നിങ്ങളെ ഓരോരുത്തരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ എഴുത്ത് ആരംഭിക്കുന്നത്.

തുടർന്ന് വിശുദ്ധനാടിന് യേശുവിന്റെ ജീവിതവുമായുള്ള ബന്ധവും എന്നാൽ ഇന്ന് ആ ജനത അനുഭവിക്കുന്ന ക്രൂരതകളും പാപ്പ കത്തിൽ ചൂണ്ടിക്കാട്ടി. ഈ പെസഹാരഹസ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ജനതയെന്ന നിലയിലും ജീവിക്കുവാനുള്ള ഭൂമി നിഷേധിക്കപ്പെടുന്നത് ഏറെ വിഷമകരമാണെന്നും എന്നാൽ ആ സാഹചര്യത്തിലും വിശ്വാസികൾ നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും പ്രത്യാശയ്ക്കും താൻ നന്ദി പറയുന്നു ഇന്നും പാപ്പ കത്തിൽ രേഖപ്പെടുത്തി.

ഒരു അപ്പനെന്ന നിലയിൽ മക്കളുടെ വേദനകൾ താൻ അറിയുന്നുവെന്നും, തന്റെ വാത്സല്യം ഒരുക്കലും കുറയുകയില്ലെന്നും പാപ്പ പറഞ്ഞു. കർത്താവായ യേശു നല്ല സമരിയാക്കാരനെപ്പോലെ നിങ്ങളുടെ സമീപത്തു വരട്ടെയെന്നും, നിങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും മുറിവുകളിൽ ആശ്വാസത്തിന്റെ എണ്ണയും പ്രത്യാശയുടെ വീഞ്ഞും ഒഴിച്ചുകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

സമാധാനത്തിലേക്കുള്ള നിർണ്ണായകമായ നടപടികളൊന്നും സ്വീകരിക്കാതെ, മനുഷ്യരാശിയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത് ഗുരുതരമായതും നിരന്തരവുമായ ഒരു അപകടം സൃഷ്ടിക്കുമെന്നും പാപ്പ കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.